തിരുവനന്തപുരം: ഇന്ധനവില വര്‍ധനയക്കുപിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴും കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നു. കോര്‍പ്പറേറ്റ് നികുതി എഴുതിത്തള്ളുന്ന കേന്ദ്രം സാധാരണക്കാര്‍ക്ക് സബ്‌സിഡി നല്‍കുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പെട്രോൾ/ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണ്. കോവിഡ് മഹാമാരി സമ്പദ്വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതം കൂടുതൽ രൂക്ഷമാകാൻ ഇതു കാരണമായിരിക്കുന്നു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 256 രൂപയാണ്. കഴിഞ്ഞ 5 മാസത്തിനിടയിൽ വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. ഇപ്പോൾ സിലിണ്ടറിൻ്റെ വില 2250 രൂപ എത്തി നിൽക്കുകയാണ്. മാർച്ച് മാസത്തിൽ മാത്രം പെട്രോളിന് 7.01 രൂപയും, ഡീസലിന് 5.76 രൂപയും വർദ്ധിപ്പിച്ചു. ഡീസൽ വില ഇപ്പോൾ 100 രൂപ കടന്നിരിക്കുന്നു.
നിലവിലെ സാഹചര്യത്തിനു കാരണമായത് കോൺഗ്രസ്സ് തുടങ്ങി വച്ചതും ബിജെപി കൂടുതൽ ശക്തമാക്കിയതുമായ നവ ഉദാരവൽക്കരണ നയങ്ങളാണ്. അഡ്‌മിനിസ്റ്റേർഡ് പ്രൈസിംഗ് മെക്കാനിസം (Administered Pricing Mechanism -APM) എന്ന സംവിധാനം വഴി ഇന്ത്യൻ അഭ്യന്തര മാർക്കറ്റിലെ പെട്രോൾ/ഡീസൽ വില നിർണ്ണയിക്കാൻ കേന്ദ്ര സർക്കാരിനുണ്ടായിരുന്ന അധികാരം എടുത്തു കളയുകയും എണ്ണ, ഖനന, സംസ്കരണ,വിതരണമേഖലകളെ സ്വകാര്യവൽക്കരിക്കുകയും വിലനിർണയാധികാരം കമ്പനികൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. മൻമോഹൻ സിംഗ് ധനകാര്യ മന്ത്രിയായിരുന്ന നരസിംഹറാവു സർക്കാരിൻ്റെ കാലത്താണ് ഇത് നടപ്പിലാക്കാൻ തുടങ്ങിയത്.
തുടർന്നു വന്ന വാജ്പേയി സർക്കാർ എ.പി.എം സംവിധാനം പ്രവർത്തിക്കാൻ ആവശ്യമായ ഓയിൽ കോർപറേഷൻ കമ്മിറ്റി (OCC)യുടെ നിയന്ത്രണത്തിലുള്ള ഓയിൽ പൂൾ അക്കൗണ്ട് (OPA) നിർത്തലാക്കിയെങ്കിലും തുടർന്നു വന്ന ഒന്നാം യുപിഎ ഗവൺമെൻ്റിനു അവർക്കു മുകളിൽ ഇടതു പക്ഷത്തിനുണ്ടായിരുന്ന സ്വാധീനം കാരണം നവ ഉദാരവൽക്കരണ നയങ്ങളിൽ നിന്നും പിന്നോക്കം പോകേണ്ടി വന്നു. എന്നാൽ അതിനു ശേഷം വന്ന രണ്ടാം യുപിഎ സർക്കാർ പെട്രോൾ വില നിർണ്ണയിക്കാൻ സർക്കാരിനുള്ള അവകാശം 2010 ജൂണ്‍ 25ന് എടുത്തു കളയുകയും ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കുകയും ചെയ്തു. തുടർന്നു വന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2014 ഒക്ടോബർ 18-ന് ഡീസൽ വിലയിന്മേലുള്ള നിയന്ത്രണാധികാരവും കമ്പനികൾക്ക് വിട്ടുകൊടുത്തു.
ഇന്നു ദിനംപ്രതി ഇന്ധന വിലവർദ്ധനവുണ്ടാകുന്ന സാഹചര്യത്തിനു തുടക്കമിട്ടത് കോൺഗ്രസാണ്. അതിനെ കയറൂരി വിട്ടുകൊണ്ട് ജനജീവിതം ദുസ്സഹമാക്കിയത് ബിജെപിയും. കഴിഞ്ഞ 7 വർഷം കൊണ്ട് സെസ്സ്, അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടി എന്നീ പേരുകളിൽ പുതിയ നികുതികൾ കൊണ്ട് വരികയും അവ അനിയന്ത്രിതമായി വർദ്ധിപ്പിക്കുകയും ചെയ്തു. ക്രൂഡോയിൽ വിലയിൽ കുറവ് വന്നാൽ പോലും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരാത്ത രീതിയിൽ ആണ് സെസ്സും അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടിയും വർദ്ധിപ്പിച്ചിരിക്കുന്നത്.
അടിസ്ഥാന എക്സൈസ് നികുതി 2016 ഇൽ 9.48 രൂപയുണ്ടായിരുന്നത് അടിക്കടി കുറച്ച് നിലവിൽ 1.4 രൂപയാക്കുകയും, 2014 ൽ ഒരു ലിറ്റർ പെട്രോളിന് വെറും 8.276 രൂപ ആയിരുന്ന സെസ്സും സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയും ഫെബ്രുവരി 2021 ആയപ്പോൾ 31.5 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു. ഇപ്രകാരം ഈടാക്കുന്ന നികുതിയിൽ നിന്നും ഒരംശം പോലും സംസ്ഥാന സർക്കാരുകൾക്കു ധനകാര്യ കമ്മീഷൻ വഴിയുള്ള വിഹിതമായി ലഭിക്കുന്നില്ല. ഇതേകാലയളവിൽ ഒരു ലിറ്റർ ഡീസലിൻ്റെ സെസ്സും അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടിയും 2.104 രൂപയിൽ നിന്നും 30 രൂപയായി വർദ്ധിപ്പിച്ചു. പെട്രോൾ നികുതിയിലുള്ള വർദ്ധനവ് 281 ശതമാനവും ഡീസലിൻ്റെ നികുതി വർദ്ധനവ് 1325 ശതമാനവുമാണ്.
വില നിയന്ത്രണം എടുത്തുമാറ്റുമ്പോൾ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു വാദം അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ അതിനു ആനുപാതികമായ നേട്ടം ഇവിടെ ലഭ്യമാകും എന്നായിരുന്നു. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ എക്സൈസ് നികുതി വർദ്ധിപ്പിക്കുന്ന നയം ബിജെപി സർക്കാർ സ്വീകരിക്കുകയും ആ വാഗ്ദാനം പാലിക്കപ്പെടാതെ പോവുകയും ചെയ്തു.
കോവിഡ് കാലത്ത് പല സംസ്ഥാനങ്ങളിലും ഇന്ധന നികുതി വർദ്ധിപ്പിച്ചപ്പോൾ നികുതി വർദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്തിയെന്ന് പറയുന്ന അവകാശവാദം തെറ്റാണ്. 2011 മുതൽ 2015 വരെ 3 തവണ പെട്രോളിൻ്റെ നികുതി നിരക്കിൽ UDF കാലത്ത് കുറവ് വരുത്തിയെന്നു പറയുമ്പോൾ 13 തവണ നികുതി കൂട്ടിയതിനെ പറ്റി അവർ മൗനം പാലിക്കുന്നു. 2011 ൽ 26.64 ശതമാനം ആയിരുന്ന നികുതി 2015 ആയപ്പോൾ 31.8% ആയി വർദ്ധിപ്പിച്ചു. ഡീസലിൻ്റെ കാര്യത്തിൽ ഇതേ കാലയളവിൽ രണ്ടു തവണ നികുതി കുറച്ചു. എന്നാൽ, ആറു തവണ കൂട്ടി. 2011 ജൂണിൽ 22.6 ശതമാനം ആയിരുന്ന നികുതി 2015 ആയപ്പോൾ 24.52% ആയി വർദ്ധിപ്പിച്ചു.
നികുതി കുറച്ചതുകൊണ്ട് ആ കാലത്ത് 620 കോടി രൂപയുടെ നികുതിയിളവ് നൽകിയ യു ഡി എഫ് സർക്കാർ ആ കാലയളവിൽ നികുതി വർധിപ്പിച്ചതിലൂടെ ഏകദേശം അതിൻ്റെ നാലിരട്ടി തുക അധിക നികുതിയായി പിരിച്ചെടുത്തു. നികുതി ക്രമാനുഗതമായി കൂട്ടുന്നതിനിടയിൽ ഇടയ്ക്ക് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നാമമാത്രമായ കുറവു പ്രഖ്യാപിക്കുകയാണ് അവർ ചെയ്തത്. എന്നാൽ 2016 ൽ ഇടതു സർക്കാർ ഭരണത്തിൽ വന്ന ശേഷം പെട്രോൾ ഡീസൽ നികുതി നിരക്ക് ഇന്നേവരെ കൂട്ടിയിട്ടില്ല. മാത്രമല്ല, നിലവിലെ നിരക്കുകളിൽ നിന്നും കുറയ്ക്കുയുമാണ് ഉണ്ടായത്.
തൊട്ടു മുൻപുള്ള എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് 2018-ലാണ് പെട്രോളിൻ്റെ നികുതി 30.08 ശതമാനമായും ഡീസലിൻ്റെ നികുതി 22.76 ശതമാനമായും കുറച്ചത്. ഇങ്ങനെ നികുതി കുറച്ചതു കാരണം അന്നത്തെ നിരക്കനുസരിച്ച് 509 കോടി രൂപയാണ് നികുതിയിളവായി ജനങ്ങൾക്ക് ലഭിച്ചത്. പെട്രോളിയം വിലക്കയറ്റം കൂടെ കണക്കാക്കിയാൽ ഇതുവരെ ചുരുങ്ങിയത് 1500 കോടി രൂപയെങ്കിലും ജനങ്ങൾക്ക് നികുതിയിളവായി നൽകി കഴിഞ്ഞു.
എന്നാൽ യുഡിഎഫ് സർക്കാരിൻ്റെ ഭരണകാലമായ 2011-12 സാമ്പത്തിക വർഷം 3138 കോടി നികുതി വരുമാനത്തിൽ നിന്നും 2015-16 സാമ്പത്തിക വർഷം എത്തുമ്പോൾ 6100 കോടിയിലേക്ക് ഉയർന്നു. ഏകദേശം 94 ശതമാനത്തിൻ്റെ വർദ്ധനവ് ആണ് ഉണ്ടായത്. എന്നാൽ തൊട്ടു മുൻപുള്ള ഇടതുപക്ഷ സർക്കാരിൻ്റെ കാലയളവിൽ 2016-17 സാമ്പത്തിക വർഷത്തിൽ നികുതി 6876 കോടിയിൽ നിന്നും 2019-20 ൽ 7907 കോടിയായി 15 % വർദ്ധനവ് മാത്രമാണുണ്ടായത്.
കോവിഡ് കാലത്ത് യുപി, ഗോവ, ഹരിയാന, ചത്തീസ്ഗഡ്, കർണാടക മുതലായ സംസ്ഥാനങ്ങൾ ഇന്ധന നികുതി വർദ്ധിപ്പിച്ചപ്പോൾ നികുതി വർദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ പെട്രോളിയത്തിൻ്റെ നികുതി കുറയ്ക്കണമെന്ന് പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉള്ള നില ഒന്ന് പരിശോധിക്കുന്നത് നന്നാവും. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിൽ പെട്രോളിൻ്റെ വില 114 രൂപയാണ്. അതേ സമയം കേരളത്തിലെ പെട്രോളിൻ്റെ വില 111.4 രൂപയാണ്.
ചരക്കു-സേവന നികുതി (ജി.എസ്.ടി )യുടെ പരിധിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധന വില കുറയുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടും പാചക വാതകത്തിന്റെ വില അടിക്കടി കൂടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പാചകവാതകത്തിന് ഇപ്പോൾ അഞ്ചുശതമാനമാണ് ജി.എസ്.ടി. അതായത് 2.5 ശതമാനം കേന്ദ്രത്തിനും 2.5 ശതമാനം സംസ്ഥാനങ്ങൾക്കും തുല്യമായി വീതിക്കുന്നു.
2018-19 കാലഘട്ടത്തിൽ തൊട്ട് മുമ്പത്തെ വർഷത്തേക്കാൾ അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്യാസിൻ്റെ വില 485.92 ($/MT) യിൽ നിന്നും 526.00 ($/MT) ആയി കൂടി. ഏകദേശം 8 ശതമാനത്തിന്റ കൂടുതൽ. ഇന്ത്യയിലെ മാർക്കറ്റിൽ ഗ്യാസിൻ്റെ വില 653.46 ൽ നിന്നും 768.12 രൂപയായി (17.55 ശതമാനത്തിൻ്റെ വർദ്ധനവ്). അതായത്, അന്താരാഷ്ട്ര മാർക്കറ്റിൽ 8 ശതമാനത്തിൻ്റെ വർദ്ധനവ് ഇന്ത്യയിൽ ഇരട്ടിയായി. ജി എസ് ടി റേറ്റിൽ മാറ്റവും ഇല്ല. അപ്പോൾ അധികമായുള്ള 8 ശതമാനത്തിന്റെ വർദ്ധനവ് ഗ്യാസ് കമ്പനികൾക്ക് ആണ്.
എന്നാൽ 2018-19 ൽ നിന്നും 2019-20 കാലഘട്ടത്തിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ഗ്യാസിൻ്റെ വില 526.00 ($/MT) ൽ നിന്നും 453.75.00 ($/MT) ആയി കുറഞ്ഞു. ഏകദേശം 14 ശതമാനത്തിൻ്റെ കുറവ്. പക്ഷെ ഇന്ത്യൻ മാർക്കറ്റിൽ ഗ്യാസിൻ്റെ വില 768.12 ൽ 694.73 രൂപ മാത്രമാണായത്. അതായത് അന്താരാഷ്ട്ര മാർക്കറ്റിൽ 14 ശതമാനത്തിലെ കുറവ്. ഇന്ത്യയിൽ മാറ്റം വരുത്തിയത് വെറും 9.55 ശതമാനം മാത്രം. അതേസമയം, ജി.എസ്.ടി നിരക്കുകളിൽ, ഒരു മാറ്റവും ഉണ്ടായതുമില്ല. അപ്പോൾ അധികമായുള്ള 4.5 ശതമാനത്തിൻ്റെ ലാഭം നേടിയത് ഗ്യാസ് കമ്പനികളാണ്.
അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിർത്തലാക്കുകയും ചെയ്തിട്ട് വരുമാനത്തിനായി സാധാരണക്കാരൻ്റെ ചുമലിൽ അധികഭാരം കെട്ടി വയ്ക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. കോർപ്പറേറ്റ് ടാക്സ് ഇനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം മാത്രം കേന്ദ്രം ഇളവു ചെയ്തത് 1.45 ലക്ഷം കോടി രൂപയാണ്. പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ 8.75 ലക്ഷം കോടി രൂപയുടെ കടങ്ങളിൽ കോർപ്പറേറ്റ് ലോണുകളാണ് പ്രധാനമായും ഉള്ളത്. ഈ എഴുതിതള്ളുന്ന തുക സബ്സിഡി ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ജനങ്ങളെ അവഗണിച്ചുകൊണ്ട് സ്വകാര്യകുത്തകകളുടെ ക്ഷേമത്തിനായി കോൺഗ്രസ്സ് തെളിച്ച വഴിയിലൂടെ വളരെ വേഗത്തിലാണ് ബിജെപി സഞ്ചരിക്കുന്നത്. ഈ നയങ്ങൾ കാരണം സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാക്കി നയം തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി തയ്യാറാകണം.