ബംഗളൂരു: മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന ഉത്തരവുമായി കർണാടക മൃഗസംരക്ഷണ വകുപ്പ് രംഗത്ത്. കശാപ്പ് ചെയ്യുന്നതിന് മുമ്പ് മൃഗങ്ങൾ അബോധാവസ്ഥയിലായിരിക്കണമെന്നാണ് സർക്കുലർ. ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകൾ രംഗത്തെത്തിയതിനിടെയാണ് പുതിയ ഉത്തരവ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്.
ഹലാൽ പ്രതിഷേധങ്ങളെ പിന്തുണച്ച് കർണാടക മന്ത്രി ശശികല ജോളിയും രംഗത്ത് എത്തിയിട്ടുണ്ട്. ഹിന്ദുത്വ സംഘടനകളുടെ ഹലാൽ നിരോധനം ആവശ്യം ന്യായമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇതിനിടെ കർണാടകയിലെ കശാപ്പ്ശാലകളിലെ സൗകര്യങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കുകയാണ്.
ഹലാലിന്റെ പേരിൽ കർണാടകയിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ശിവമോഗയിൽ ഹലാൽ ബോർഡുള്ള ഹോട്ടലിലാണ് അക്രമണം ഉണ്ടായത്. ഹോട്ടലുടമയെ ബജറംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു. ഹലാൽ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്കും മർദ്ദനമേറ്റു.