ന്യൂഡല്‍ഹി: സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്‌ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയൻ വ്യാപാരകാര്യ മന്ത്രി ഡാൻ ടെഹാനുമാണ് കരാറുകളിൽ ഒപ്പിട്ടത്.
ഇന്ന് നടന്ന വെർച്വൽ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും യോഗത്തിൽ സന്നിഹിതരായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിലാണ് വ്യാപാര കരാറിൽ ഒപ്പിട്ടതെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ തെളിവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള തന്റെ മൂന്നാമത്തെ ആശയവിനിമയമാണിതെന്ന് കരാര്‍ ഒപ്പിട്ട ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ചരിത്രപരവും വികസനപരവുമായ നിമിഷമാണിത്. കരാറിന്റെ അടിസ്ഥാനത്തില്‍ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്ക് സംഭാവന നല്‍കാനും കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.