മഞ്ചേരി: കാവനൂരിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ. കാവനൂർ സ്വദേശി ശിഹാബുദ്ദീനെയാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ പുനരധിവാസത്തിന് സർക്കാർ രണ്ടു ലക്ഷം രൂപ ഒരു മാസത്തിനകം നൽകണമെന്നും കോടതി വിധിച്ചു.
കാവനൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കുട്ടിയെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. 2016 ഫെബ്രുവരി 12നായിരുന്നു സംഭവം. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിവരം പറഞ്ഞത്.
തുടർന്ന് അമ്മ അരീക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ 17 സാക്ഷികളിൽ 13 പേരെ കോടതി വിസ്തരിച്ചു.