കണ്ണൂർ: ജി സുധാകരനും പാർട്ടിയും തമ്മിൽ ഒരു പ്രശ്നവുമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുധാകരൻ പാർട്ടി കോൺഗ്രസ്സിന് എത്തില്ല എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ അസ്വഭാവികത ഒന്നും ഇല്ല എന്നും കോടിയേരി പറഞ്ഞു.
കണ്ണൂരിൽ നടക്കുന്ന 23-ാം സിപിഎം പാർട്ടി കോൺഗ്രസിൽ ജി സുധാകരൻ പങ്കെടുക്കില്ലെന്ന വിവരം പുറത്തുവന്നിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ജി സുധാകരൻ കത്ത് നൽകിയിരുന്നു. സുധാകരന്റെ ആവശ്യം അംഗീകരിച്ച പാർട്ടി നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ എറണാകുളം സമ്മേളനത്തിലും പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകിയിരുന്നു.