തിരുവനന്തപുരം: സഹകരണ ബോർഡിന്റെ ജൂനിയർ ക്ലാർക്ക് പരീക്ഷ ചോദ്യപേപ്പർ ചോർന്നതായി ഉദ്യോഗാർഥികളുടെ പരാതി. പരീക്ഷ നടക്കുന്ന സമയം ചോദ്യപേപ്പർ യൂട്യൂബിൽ അപ്ലോഡ് ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
മാർച്ച് 27നായിരുന്നു പരീക്ഷ. സംഭവത്തിൽ പരീക്ഷ ബോർഡ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ചോദ്യങ്ങൾ നൽകാൻ പരീക്ഷാ കോച്ചിങ് സെന്റർ ഉടമ പണം ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്ത് വന്നു.
93 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 60000 ന് മുകളില്‍ പേര്‍ പരീക്ഷയെഴുതി.160 ചോദ്യങ്ങളുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.30 വരെയായിരുന്നു പരീക്ഷാ സമയം. എന്നാല്‍ 3.30 ന് തന്നെ എംഎസ്പി ടോക്സ് എന്ന യൂട്യൂബ് ചാനലില്‍ ഭൂരിഭാഗം ചോദ്യങ്ങളും അപ്ലോഡ് ചെയ്തെന്നാണ് പരാതി.
പരീക്ഷ നടക്കുമ്പോൾതന്നെ സ്വകാര്യ യുട്യൂബ് ചാനൽ പ്രവർത്തകന്റെ കൈയിൽ ചോദ്യം എത്തിയിട്ടുണ്ടെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
കംപ്യൂട്ടറിന്റെ സ്‌ക്രീൻ സഹിതം അപ്ലോഡ് ചെയ്തിരിക്കുന്ന വിഡിയോയിൽ സ്‌ക്രീനിലെ സമയം 3.30 ആണ് കാണിക്കുന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.പരീക്ഷ എഴുതിയ ഉദ്യോഗാർഥിയുടെ കയ്യിൽനിന്നു ചോദ്യം വാങ്ങി ഉത്തരം കണ്ടുപിടിച്ച് യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തു എന്നാണ് കരുതുന്നതെന്നും പൊലീസ് അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അധികൃതർ പറഞ്ഞു.