കൊച്ചി: കൊച്ചിയില്‍ ബൈക്കിലെത്തി സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പിടിയിൽ. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി പതിവായി സ്ത്രീകളെ ഉപദ്രവിച്ചിരുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി ഇമ്മാനുവൽ കുര്യനാണ് പിടിയിലായത്.
തേവര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം നഗരത്തിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതിന് ഇയാൾക്കെതിരെ നിരവധി പരാതികൾ ഉണ്ട്.
നിലവില്‍ ഇയാള്‍ക്കെതിരേ അഞ്ച് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാലെണ്ണം എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലും ഒരെണ്ണം നോര്‍ത്ത് പോലീസ് സ്റ്റേഷനിലുമാണ്.
പനമ്പള്ളി നഗർ, കടവന്ത്ര മേഖലകളിൽ പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീകൾക്ക് നേരെയാണ് ഇമ്മാനുവൽ അതിക്രമം കാട്ടിയത്. സ്ത്രീകളുടെ രഹസ്യഭാഗങ്ങളിൽ പിടിച്ച് കടന്നുകളയുകയാണ് രീതി.
പരാതി വ്യാപകമായതോടെ സൗത്ത് പോലീസ് കേസ് എടുത്ത് അന്വഷണം തുടങ്ങി. എന്നാൽ ബൈക്കിന് നമ്പർ ഇല്ലാതായതോടെ പ്രതിയെക്കുറിച്ച് സൂചനയുണ്ടായില്ല. തുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്.
ഇമ്മാനുവലിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















