യുവതി ജീവനൊടുക്കിയ സംഭവത്തെത്തുടർന്ന് യുവാവ് മർദനമേറ്റു കൊല്ലപ്പെട്ട നിലയിൽ. കേസിൽ 5 പേർ അറസ്റ്റിലായി. പെരിയവിള സ്വദേശി എയ്ഞ്ചൽ(26) മരിച്ചതിനു പിന്നാലെയാണ് പ്രദേശവാസിയും മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറുമായ ആന്റണിരാജ്(33) കൊല്ലപ്പെട്ടത്.
കേസിൽ പെരിയവിള സ്വദേശികളായ ബെവിൻ(26), ബെനിഷ്(25), വിനീഷ് (22), രവി സെൽവൻ(56), യേശുനേശ സെൽവൻ(58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഗർകോവിലിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന എയ്ഞ്ചലിനോട് ആന്റണിരാജ് പ്രണയാഭ്യർഥന നടത്തിയതായും ഇതിന്റെ പേരിൽ ഇയാൾ ശല്യം ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു.
കന്യാകുമാരി പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് ആന്റണിരാജിനെ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ആന്റണിരാജ് പിന്നീടും എയ്ഞ്ചലിനെ ശല്യപ്പെടുത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. ശല്യം സഹിക്കാൻ കഴിയാതെ, കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് എയ്ഞ്ചലിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ആന്റണിയെ, പ്രകോപിതരായ എയ്ഞ്ചലിന്റെ ബന്ധുക്കൾ കല്ലുകൊണ്ട് മർദിച്ചതായി പൊലീസ് പറഞ്ഞു. പരുക്കേറ്റ ആന്റണിരാജ് സംഭവസ്ഥലത്ത് മരിച്ചു.















