തിരുവനന്തപുരം: മുട്ടിൽ മരംമുറിയിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കണ്ണൂര്‍ സി.സി.എഫ് വിനോദ് കുമാറിനെയാണ് കൊല്ലം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്ററായി സ്ഥലം മാറ്റിയത്. അതേസമയം കേസില്‍ ആരോപണ വിധേയനായ എന്‍.ടി സോജന് സുപ്രധാന ചുമതലയിലേക്ക് മാറ്റവും നല്‍കിയിട്ടുണ്ട്. മുട്ടിൽ മരം മുറിക്കേസിലെ സംയുക്ത അന്വേഷണം പുരോഗമിക്കെയാണ് സർക്കാർ പ്രതികൾക്ക് അനുകൂലമായ സ്ഥലംമാറ്റ ഉത്തരവിറക്കിയത്.
മുട്ടില്‍ മരം മുറിക്കേസില്‍ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണൂര്‍ സി.സി.എഫ് ഡി.കെ വിനോദ് കുമാര്‍. വനം വകുപ്പിന് അകത്ത് നിന്ന് തന്നെ മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാനും മറ്റൊരു കള്ളക്കേസുണ്ടാക്കാനും വേണ്ടി നടന്ന ശ്രമങ്ങളെ കുറിച്ചൊക്കെ ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് ഡി.കെ വിനോദ്കുമാറായിരുന്നു. എന്‍.ടി സാജന്‍ എന്ന ഉദ്യോഗസ്ഥന്‍ ഈ കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും പുറത്തുകൊണ്ടുവന്നത് വിനോദ് കുമാറായിരുന്നു.
ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ രണ്ട് വര്‍ഷത്തിനിടയില്‍ ഒരു തസ്തികയില്‍ നിന്ന് മാറ്റണമെങ്കില്‍ സിവില്‍ സര്‍വീസ് ബോര്‍ഡ് കൂടി തീരുമാനം എടുക്കണമെന്നാണ് ചട്ടം. എന്നാല്‍ അത്തരത്തിലുള്ള നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് വിനോദ് കുമാറിനെ താരതമ്യേനെ അപ്രധാനമായ കൊല്ലം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്ററായി സ്ഥലം മാറ്റിയത്.
കേസിൽ ആരോപണവിധേയനായ എൻ ടി സാജന് സുപ്രധാന തെക്കൻ ജില്ലകളുടെ ചുമതല നൽകിക്കൊണ്ടാണ് സ്ഥലം മാറ്റം. നേരത്തെ സാജനെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ വിനോദ് കുമാറിന് അപ്രധാനമായ സോഷ്യൽ ഫോറസ്ട്രിയുടെ ചുമതലയാണ് നൽകിയത്. ഇതേ ജില്ലയിൽ ഉയർന്ന ചുമതലയാണ് ആരോപണ വിധേയന് സർക്കാർ നൽകിയത്.