തൃശൂർ ജില്ലയിലെ ചെമ്പൂച്ചിറ ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി പദ്ധതി പ്രകാരവും എം.എൽഎയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചും മൂന്നേമുക്കാൽ കോടി രൂപയ്ക്ക് നിർമ്മിച്ച ഏഴ് ക്ലാസ് മുറികളിൽ അഞ്ചെണ്ണം പൊളിക്കുകയാണ്. കെട്ടിട നിർമ്മാണത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് യു.ഡി.എഫ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാൽ ബലക്ഷയം ഇല്ലെന്നു പറഞ്ഞ് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ക്ലാസ് നടന്നിരുന്നുവെങ്കിൽ നൂറു കണക്കിന് കുട്ടികൾ അപകടത്തിൽപ്പെട്ടേനെ. ഇപ്പോൾ അത് പൊളിച്ചു നീക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്.
കെട്ടിട നിർമ്മാണത്തിൽ വൻഅഴിമതിയാണ് നടന്നത്. കെട്ടിടം പൊളിച്ച് നീക്കുമ്പോഴും ആർക്കും എതിരെ കേസെടുത്തിട്ടില്ല. കേസെടുത്താത്തതിന് കാരണം സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവർ അഴിമതിക്ക് പിന്നിലുള്ളതു കൊണ്ടാണ്. ഉദ്യോഗസ്ഥൻമാരും അഴിമതിക്ക് കൂട്ടു നിന്നിട്ടുണ്ട്. നിരവധി ഏജൻസികളെയാണ് കിഫ്ബി ക്വാളിറ്റി പരിശോധനയ്ക്ക് വിടുന്നതെന്നാണ് പറയുന്നത്. ക്വാളിറ്റി പരിശോധനയ്ക്കു വേണ്ടി ലക്ഷങ്ങൾ മുടക്കിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. അവർ ഈ പരിശോധന മറ്റൊരു ഏജൻസിയെ ഏൽപ്പിച്ചിരിക്കുകയാണ്. ഇതാണ് കിഫ്ബിയിൽ നടക്കുന്ന ക്വാളിറ്റി പരിശോധനയെന്ന് ഇപ്പോഴാണ് വ്യക്തമായത്.
സാധാരണക്കാരന് പോലും മനസിലാകുന്ന തരത്തിലുള്ള ക്രമക്കേടാണ് നിർമ്മാണത്തിൽ നടന്നത്. എന്നിട്ടും ഉത്തരവാദികളായവർക്കെതരെ കേസെടുക്കാത്തത് അദ്ഭുതകരമാണ്. പാലാരിവട്ടം പാലത്തെ കുറിച്ച് തെരഞ്ഞെടുപ്പിന് മുൻപ് ഒച്ചപ്പാടുണ്ടാക്കിയവർ ഇപ്പോൾ എന്താണ് മൗനം അവലംബിക്കുന്നത്. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം. മൂന്നേമുക്കാൽ കോടി രൂപയുടെ സ്‌കൂൾ കെട്ടിടം പൊളിച്ച് മാറ്റിയിട്ടും ആർക്കും എതിരെ കേസെടുക്കാത്തത് ലോകത്തെങ്ങും കേട്ടു കേൾവിയില്ലാത്തതാണ്. ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെടും. കേസെടുക്കാൻ മടിച്ചാൽ നിയമപരമായ വഴികൾ യു.ഡി.എഫ് തേടും.
പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടായപ്പോൾ പരിശോധന നടത്താനാണ് കോടതി പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്തതിനാൽ അതിന് തയാറാകാതെ പാലം പൊളിച്ച് പണിതു. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സ്വീകരിച്ചതിന് വിരുദ്ധമായ നിസപാടാണ് ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിടത്തിന്റെ കാര്യത്തിൽ കാട്ടുന്നത്. ഇതിന് പിന്നിലുള്ള വസ്തുതകൾ പുറത്ത്‌കൊണ്ടുവരണം.
പാലാരിവട്ടം പാലത്തിന്റെ കാര്യത്തിലും കരാറുകാരനോട് പറഞ്ഞാൽ മതിയായിരുന്നല്ലോ. അവർ പുതിയ പാലം പണിതേനെ. പിന്നെ എന്തിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുത്തത്? പൊതുമരാമത്ത് മന്ത്രിയാണോ പാലം പണിതത്? ഈ പറയുന്ന ന്യായങ്ങളൊന്നും വിലപ്പോകില്ല. ജില്ലാ പഞ്ചായത്ത് പൊളിച്ച ഓഡിറ്റോറിയം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം പണിതത്. ഇപ്പോൾ രണ്ടും ഇല്ലാതായി. ഗൗരവതരമായ അന്വേഷണം നടത്തി ക്രിമിനൽ കേസ് രജിസറ്റർ ചെയ്ത് ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കോൺട്രാക്ടർ പണിയുമെന്ന് പറഞ്ഞ് കിഫ്ബിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുള്ളപ്പോൾ എന്ത് ഗുണനിലവാര പരിശോധനയാണ് കിഫ്ബി നടത്തുന്നത്? അഴിമതിയിൽ കിഫ്ബിക്കും ഉത്തരവാദിത്തമുണ്ട്.
27 വർഷമായി ശബരി റെയിലിന് സ്ഥലം ഏറ്റെടുത്തിരിക്കുകയാണ്. സ്ഥലം വിൽക്കാനോ ഈട് വയ്ക്കാനോ സാധിക്കാതെ ആ പാവങ്ങൾക്ക് മക്കളുടെ വിവാഹം പോലും നടത്താനാകുന്നില്ല. അതുകൊണ്ടാണ് കെ- റെയിൽ കല്ലിടലിനെ എതിർക്കുന്നത്. സാമൂഹിക ആഘാത പഠനം നടത്താൻ കല്ലിടേണ്ട ആവശ്യമില്ല. സാമൂഹിക ആഘാത പഠനത്തിന്റെ മറവിൽ സ്ഥലം ഏറ്റെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്ഥലം ഏറ്റെടുക്കാൻ സർക്കാർ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണം. നോട്ടിഫിക്കേഷൻ, പബ്ലിക് ഹിയറിംഗ് തുടങ്ങി നിരവധി നടപടി ക്രമങ്ങളുണ്ട്. ഇതിനൊന്നും തയാറാതാതെ സ്ഥലം ഏറ്റെടുത്ത് ജൈയ്ക്കയ്ക്ക് പണയപ്പെടുത്തി അവിടെ നിന്നും ചില്ലറ വാങ്ങിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
കോൺഗ്രസ് അംഗത്വ വിതരണം കേരളത്തിൽ ആരംഭിക്കാൻ വൈകി. അതുകൊണ്ടു തന്നെ അംഗത്വ വിതരണ കാമ്പയിൽ 15 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇറങ്ങി എല്ലാ പാർട്ടി അനുഭാവികളെയും അംഗങ്ങളാക്കും. ഇതിനായി സമര പരിപാടികൾ പോലും മാറ്റിവച്ചിട്ടുണ്ട്. ഗ്രൂപ്പിലേക്കല്ല, പാർട്ടിയിലേക്കാണ് ആളെ ചേർക്കുന്നത്. ഒരു തരത്തിലുള്ള ഗ്രൂപ്പ് യോഗങ്ങളും അനുവദിക്കില്ല.