തൃശൂർ: ഓട്ടിസം കുട്ടികളുടെ സംരക്ഷണം സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും കൂടി ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഓട്ടിസം കുട്ടികളുടെ ലോകത്തേയ്ക്ക് പോകാൻ നാം തയാറാകേണ്ടതുണ്ട്. ഇവർക്കായി സർക്കാർ സ്പെക്ട്രം എന്ന ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
ലോക ഓട്ടിസം അവബോധ ദിനത്തിൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പും നിപ് മറും എസ്എൻഎ സി നാഷണൽ ട്രസ്റ്റും സംയുക്തമായി തൃശൂരിൽ നടത്തിയ സംസ്ഥാന തല ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
‘ നിങ്ങളും ഞങ്ങളുടെ മക്കളാണ്, നിങ്ങളെ ഞങ്ങൾ കൈവിടില്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു.
എംഎൽഎ പി. ബാലചന്ദ്രൻമേയർ എം.കെ. വർഗീസ്, കൗൺസിലർ സിന്ധു ആൻ്റോ ചാക്കോള, സാമൂഹ്യ നീതി വകുപ്പ് ജോയ്ൻ്റ് ഡയരക്ടർ സുബാഷ് കുമാർ എന്നിവർ സംബന്ധിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി.എസ്എൻ എസി ഡയരക്ടർ ഡി. ജേക്കബ് സ്വാഗതവും നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ ഇൻ ചാർജ് സി. ചന്ദ്രബാബു നന്ദിയും പറഞ്ഞു.തുടർന്ന് ഓട്ടിസം കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികൾ നടന്നു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥി കോർണറിൽ ഓട്ടിസം കുട്ടികളുടെ ആനന്ദ നടത്തവും സംഘടിപ്പിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സാമൂഹ്യനീതി വകുപ്പ് പ്രത്യേക സമ്മാനങ്ങൾ നൽകി.