കടുത്ത പോരാട്ടം നടക്കുന്ന കീവ് നഗരപ്രാന്തത്തിലെ ഇർപിൻ, ഹൊസ്റ്റോമൽ എന്നിവിടങ്ങൾക്കു പിന്നാലെ യുക്രെയ്നിലെ കൂടുതൽ പ്രദേശങ്ങളിൽ നിന്നുള്ള റഷ്യൻ സൈനികർ പിൻമാറുന്നതായി സ്ഥിരീകരിച്ചു.യുക്രെയ്ൻ അധിനിവേശത്തിനു തുടക്കം കുറിച്ച ഫെബ്രുവരി 14ന് റഷ്യൻ സൈന്യം ആദ്യം വിജയഭേരി മുഴക്കിയ ഹൊസ്റ്റോമലിലെ അന്റോനോവ് വിമാനത്താവളത്തിൽ റഷ്യൻ സേന പൂർണമായി പിൻമാറിയതായാണു വിവരം.
യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്ബനിയായ മാക്സർ പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ അനുസരിച്ച് റഷ്യൻ സൈനിക പിൻമാറ്റം പൂർണമാണ്. മാക്സർ നേരത്തേ പുറത്തുവിട്ട ഉപഗ്രഹദൃശ്യങ്ങൾ അനുസരിച്ച് വിമാനത്താവളത്തിൽ നിരവധി റഷ്യൻ സൈനിക ഹെലികോപ്റ്ററുകളും വാഹനങ്ങളും നിലയുറപ്പിച്ചിരിക്കുന്നതു വ്യക്തമായിരുന്നു.
എന്നാൽ, വ്യാഴാഴ്ച പകർത്തിയ ചിത്രങ്ങൾ അനുസരിച്ച് കവചിത വാഹനങ്ങളും ഹെലികോപ്റ്ററുകളും എല്ലാം നീക്കിയ നിലയിലാണ്. വിമാനത്താവളത്തിൽ റഷ്യ തീർത്ത സുരക്ഷിത ഭിത്തികൾ മാത്രമാണു നിലനിൽക്കുന്നത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് റഷ്യ അന്റോനോവ് പിടിച്ചെടുത്തത്. യുക്രെയ്ൻ തലസ്ഥാനമായ കീവ് മേഖലയിലും വടക്കൻ നഗരമായ ചെർണീവിലും സൈനിക നടപടി കുറയ്ക്കുമെന്നു റഷ്യ നേരത്തേ പറഞ്ഞിരുന്നു. റഷ്യൻ- ബെലാറൂസ് അതിർത്തിയിലേക്ക് റഷ്യൻ സേന പിൻവലിഞ്ഞതായാണ് നിഗമനം.
ഇർപിൻ, ഹൊസ്റ്റോമൽ, ഇവ എന്നിവിടങ്ങളിൽനിന്ന് റഷ്യൻ സൈനിക പിൻമാറ്റം കീവ് റീജനൽ ഗവർണർ ഒലെക്സാണ്ടർ പാവ്ലൂക് സ്ഥിരീകരിച്ചു. ചെർണീവിൽനിന്നും റഷ്യൻ സൈന്യം പിൻവാങ്ങി തുടങ്ങിയതായി ചെർണീവ് ഗവർണർ അറിയിച്ചിരുന്നു. റഷ്യൻ നഗരമായ ബെൽഗൊറോദിലെ ഇന്ധന സംഭരണിക്കു നേരെ യുക്രെയ്ൻ വ്യോമാക്രമണം നടത്തിയതായി റഷ്യ ആരോപിച്ചുവെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ യുക്രെയ്ൻ തയാറായില്ല.
ബെൽഗൊറോദിലെ ആക്രമണം സമാധാന ചർച്ചകൾക്ക് തുരങ്കം വയ്ക്കാനുള്ള നീക്കമാണെന്നു റഷ്യ ആരോപിച്ചു. റഷ്യൻ സൈന്യം കീവിന്റെ വടക്കു ഭാഗത്തുനിന്ന് ഭാഗികമായി പിൻമാറിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. റഷ്യ സൈനിക പിൻമാറ്റം പ്രഖ്യാപിച്ച ചിലയിടങ്ങളിൽ ഇപ്പോഴും കനത്ത പോരാട്ടം തുടരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. കീവിന്റെ വടക്ക് ഭാഗത്തുനിന്നു മന്ദഗതിയിലാണെങ്കിലും റഷ്യ സൈനിക പിൻമാറ്റം നടത്തുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
യുക്രെയ്‌നു കൂടുതൽ സൈനിക-സാമ്ബത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് യുഎസ് രംഗത്തുവന്നു. യുക്രെയ്‌ന് 300 മില്യൻ ഡോളറിന്റെ സഹായം നൽകുമെന്നാണ് പ്രഖ്യാപനം. നേരത്തേ 1.6 ബില്യൻ ഡോളർ യുഎസ് സഹായമായി നൽകിയിരുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവിലും വടക്കൻ നഗരമായ ചെർണീവിലും സൈനിക പിൻമാറ്റം പ്രഖ്യാപിച്ചതിനു ശേഷവും കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കിയതിനെതിരെ യുഎസും ബ്രിട്ടനും രംഗത്തെത്തി.