കണ്ണൂർ: ഐ ഐ എച്ച് ടി എന്ന പേര് വിഭാവനം ചെയ്യുന്ന പോലെയുള്ള ഉയരങ്ങളിലേക്ക് എത്താൻ ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയുടെ കണ്ണൂർ തോട്ടടയിലെ അഡീഷണൽ അക്കാദമിക് ബിൽഡിംഗിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈത്തറി മേഖലയിൽ ക്രിയാത്മകമായ സംഭാവന ചെയ്യാൻ കഴിയുന്ന ഒരു സ്ഥാപനമായിട്ടാണ് സർക്കാർ ഇതിനെ വിഭാവനം ചെയ്തിട്ടുള്ളത്. കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് ഉണ്ടാക്കാനുള്ള ശ്രമം സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ട്. നിലവിലുള്ളതിൽ നിന്നും എങ്ങനെ മുന്നേറാൻ കഴിയും, അതിന് വൈവിധ്യവത്കരണം ആവശ്യമാണ്, മൂല്യ വർദ്ധനവിലേക്കും തിരിയേണ്ടതുണ്ട്. ഓരോ സീസണുകൾ അനുസരിച്ച് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിയണം. ലോകത്തിലുള്ള എല്ലാ ഡിസൈനുകളും കൈത്തറിയിലും ലഭ്യമാക്കാൻ പറ്റുമോ എന്നതിനുള്ള മാനവ വിഭവശേഷിയെ രൂപപ്പെടുത്തിയെടുക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
1987 ൽ കൈത്തറി പരിശീലന കേന്ദ്രമായി ആരംഭിച്ച ഈ സ്ഥാപനം 2011 എത്തുമ്പോഴേക്കും ഇന്ത്യയിലെ മികച്ച പത്ത് ഐ ഐ എച്ച് ടികളിൽ ഒമ്പതാം സ്ഥാനത്ത് ഉയർന്നു. 67 കോടി രൂപ ചിലവിലാണ് അഡീഷണൽ അക്കാദമിക് ബിൽഡിംഗ് ഒരുക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അദ്ധ്യക്ഷത വഹിച്ചു.