കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരംഭങ്ങളിലൂടെ പണം കണ്ടെത്തി സ്വന്തം കാലിൽ നില്ക്കാൻ ശേഷിയുള്ളവയായി മാറണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കണ്ണൂർ കോർപറേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എല്ലാ കാലത്തും സർക്കാറിന്റെ പ്ലാൻ ഫണ്ട് മാത്രം ആശ്രയിച്ച് നിൽക്കരുത്. ആ കാലം അവസാനിക്കാൻ പോവുകയാണ്. കേരളത്തിലെ ഗ്രാമപഞ്ചായത്ത് മുതലുള്ള തദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള പദ്ധതികൾ സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. കണ്ണൂരിൽ വരുന്ന ആരും കണ്ടിരിക്കേണ്ട ആസ്ഥാന മന്ദിരമായി കോർപറേഷൻ ഓഫീസ് ഉയർന്നുവരും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ശുചിത്വ പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകണം. മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കുമ്പോൾ അവയുടെ പ്രവർത്തനം പൊതുജനത്തിന് കണ്ട് ബോധ്യം വരത്തക്കവിധത്തിൽ ക്രമീകരിക്കണം. മാലിന്യ പ്ലാന്റിന് ചുറ്റും പൂന്തോട്ടം നിർമ്മിച്ച് ജനത്തെ ആകർഷിക്കണം. കേരളത്തിൽ പദ്ധതികൾ നടപ്പാക്കാൻ പണമില്ലാത്ത പ്രശ്‌നമില്ലെന്നും മന്ത്രി പറഞ്ഞു.
25.6 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഹരിത ചട്ടങ്ങൾ പാലിച്ചുകൊണ്ട് പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ ഒന്നര വർഷം കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തീകരിക്കും. പഴയ ടൗൺ ഹാൾ നിന്നിരുന്ന സ്ഥലത്ത് ആകെ അഞ്ചു നിലകളുള്ള കെട്ടിടത്തിൽ രണ്ട് നിലകൾ പൂർണമായും പാർക്കിങ്ങിനായി മാറ്റിവെക്കും. ഭാവിയിൽ മൂന്ന് നിലകൾ കൂടി നിർമ്മിക്കാൻ പറ്റുന്ന രീതിയിലാണ് ഫൗണ്ടേഷൻ ഒരുക്കുന്നത്. 8521.86 ച. മീറ്ററാണ് കെട്ടിടത്തിന്റെ ആകെ വിസ്തീർണം. ആധുനിക രീതിയിലുള്ള കൗൺസിൽ ഹാളിൽ 100 കൗൺസിലർമാരെ ഉൾക്കൊള്ളാവുന്ന രീതിയിലുള്ള കൗൺസിൽ ഹാൾ, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളും പുതിയ ആസ്ഥാന മന്ദിരത്തിൽ ഉണ്ടാകും.