അഞ്ചൽ: കുട്ടികളുമായി പോയ സ്കൂൾ ബസ് കയറ്റം കയറുന്നതിനിടെ പിന്നോട്ടുരുണ്ട് വൈദ്യുതി തൂൺ തകർത്ത് മറിഞ്ഞു. ഏരൂർ അയിലറ യു.പി സ്കൂൾ വാഹനമാണ് മറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ഇടക്കൊച്ചി-വിളക്കുപാറ റോഡിൽ ഈച്ചങ്കുഴിക്ക് സമീപമാണ് അപകടം.
ഇരുപതോളം കുട്ടികളുമായി സ്കൂളിലേക്ക് വരവേ കയറ്റം കയറുന്നതിനിടെ വാഹനം പെട്ടെന്ന് നിന്നു. മുന്നോട്ടെടുക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ വാഹനം താഴേക്ക് ഉരുളുകയായിരുന്നു. ബ്രേക്ക് ചെയ്ത് നിർത്താനുള്ള ശ്രമവും വിജയിച്ചില്ല. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വഴിയരികിലെ വൈദ്യുതിത്തൂണിലിടിച്ച് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ ആറ് കുട്ടികെളയും ഡ്രൈവർ, ക്ലീനർ എന്നിവെരയും രക്ഷപ്പെടുത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളുടെ കൈക്ക് പൊട്ടലും ഒരു കുട്ടിയുടെ തലക്ക് ചെറിയ മുറിവുമുണ്ട്. ഇവരെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായ ക്ലീനർ ശശിധരൻ ആശുപത്രിയിൽ തുടരുകയാണ്. ഏരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു.