മുംബൈ : ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ സാക്ഷി പ്രഭാകർ സെയിൽ (36) മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിലായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്. ആര്യന്റെ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് സെയിലാണ്.
ആര്യനോടൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ സ്വകാര്യ കുറ്റാന്വേഷകൻ കെ.പി.ഗോസവിയുടെ അംഗരക്ഷകനാണ് താനെന്നാണ് സെയിൽ അവകാശപ്പെട്ടത്. ആര്യനെവച്ച് ഷാറുഖുമായി വിലപേശുന്നതിനെ കുറിച്ച് സാം ഡിസൂസ എന്നയാളുമായി സംസാരിക്കുന്നത് കേട്ടുവെന്നാണ് സെയിൽ പറഞ്ഞത്. ‘25 കോടി ചോദിക്കണം, എന്നിട്ട് 18ന് ഉറപ്പിക്കണം. കാരണം എട്ടു കോടി സമീർ വാങ്കഡേയ്ക്ക് നൽകണം’ എന്നായിരുന്നു സംഭാഷണമെന്നായിരുന്നു സെയിലിന്റെ വെളിപ്പെടുത്തൽ.
ഇതുസംബന്ധിച്ച് സത്യവാങ്മൂലവും സെയിൽ നൽകി. ഗോസവി ഒളിവിലാണെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും അതിനാലാണു സത്യവാങ്മൂലം നൽകിയതെന്നുമാണു പ്രഭാകർ പറഞ്ഞത്. 50 ലക്ഷം രൂപ ആര്യൻ അറസ്റ്റിലായതിന്റെ പിറ്റേന്ന് ഗോസവിക്ക് കിട്ടിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു. സെയിലിന്റെ വെളിപ്പെടുത്തലുകൾ, മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് എൻസിബി അന്വേഷണത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.