കൊളംബോ:സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും വലിയ പ്രതിഷേധം തുടരുകയാണ്. പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതിക്കു മുന്നിലടക്കം വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. തുടർന്നാണ് ഇന്നലെ രാത്രിയോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ജനം രോഷാകുലരായി പ്രതിഷേധിക്കുകയാണ്. തെക്കൻ പട്ടണങ്ങളായ ഗാലെ, മാത്തറ, മോറട്ടോവ അടക്കമുള്ള സ്ഥലങ്ങളിൽ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം പൊലീസിന് കർശന നിർദേശമാണ് ഗോതബായ രജപക്‌സെ നൽകിയത്. വിചാരണ കൂടാതെ അറസ്റ്റ് ചെയ്യാൻ സേനയ്ക്ക് അധികാരം നൽകി. എന്നാൽ രാജ്യത്തിന്റെ പൊതുക്രമം സംരക്ഷിക്കാനും അവശ്യസാധനങ്ങളുടെ വിതരണമടക്കം സുഗമമാക്കാനും വേണ്ടിയാണ് അടിയന്തരാവസ്ഥ എന്നാണ് പ്രസിഡന്റിന്റെ വിശദീകരണം.