തിരുവനന്തപുരം നഗരത്തിലെ കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 10 രൂപ ടിക്കറ്റ് എടുത്താൽ എത്ര ദൂരം വേണമെങ്കിലും സിറ്റി സർക്കുലർ ബസിൽ സഞ്ചരിക്കാം.
നഗരത്തിലെ പ്രധാന സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് ഇടറോഡുകളിലൂടെയുള്ള സിറ്റി സർക്കുലർ 7 റൂട്ടുകളിലാണ് നിലവിലുള്ളത്. യാത്രക്കാർക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന തരത്തിൽ പ്രത്യേക നിറങ്ങളാണ് ഓരോ റൂട്ടിലെ ബസുകൾക്കും നൽകിയിരിക്കുന്നത്. കൂടുതൽ സ്ഥലങ്ങളിലേക്ക് സിറ്റി സർക്കുലർ സർവീസ് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.