ദുബൈ: എമിറേറ്റിൽ ഇ-സ്കൂട്ടർ ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് നേടിയിരിക്കണമെന്ന് അധികൃതർ. റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യാണ് ലൈസൻസ് നൽകുക. എല്ലാ വിഭാഗം ബൈക്കുകൾക്കും നിർദേശം ബാധകമായിരിക്കും.
ദുബൈയിൽ ഇ-സ്കൂട്ടറുകളും സൈക്കിളും ഓടിക്കുന്നത് സംബന്ധിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് അധികൃതർ ഇതുസംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ കൂടുതലായി വെളിപ്പെടുത്തിയിട്ടില്ല.
ഉത്തരവനുസരിച്ച് ഇ-സ്കൂട്ടർ ഓടിക്കുന്നവർ 16 വയസ്സിൽ കുറഞ്ഞ പ്രായമുള്ളവർക്ക് ഇ-സ്കൂട്ടറിന് ലൈസൻസ് ലഭിക്കില്ല. 12 വയസ്സിൽ കുറഞ്ഞ പ്രായമുള്ളവർ സൈക്കിൾ ഓടിക്കുമ്പോൾ 18 വയസ്സ് പിന്നിട്ട മുതിർന്ന ഒരാൾ കൂടെയുണ്ടാകണമെന്നും നിർദേശമുണ്ട്. സൈക്കിൾ, ബൈക്ക് യാത്രികർ എപ്പോഴും റോഡിൻറെ വലതുവശത്തുകൂടിയാണ് യാത്ര ചെയ്യേണ്ടത്. റോഡ് മാറുമ്പോൾ കൈകൊണ്ട് സിഗ്നൽ നൽകുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം.