ദോഹ: കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകളിൽ മാസ്ക് അണിയുന്നതിൽ ഇളവ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഞായറാഴ്ച മുതൽ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമല്ല. രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ തീരുമാനം. ആവശ്യമുള്ളവർക്ക് മാസ്ക് ധരിച്ച് ക്ലാസുകളിലെത്താവുന്നതാണ്.
അതേസമയം, വാക്സിനെടുക്കാത്ത വിദ്യാർഥികളും കോവിഡ് ബാധിച്ച് രോഗമുക്തി നേടി പ്രതിരോധശേഷി ആർജിക്കാത്ത വിദ്യാർഥികളും ആഴ്ചയിലൊരിക്കൽ വീട്ടിൽ റാപ്പിഡ് ആൻറിജൻ പരിശോധന നടത്തണമെന്നും ഇതിൽ മാറ്റമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർഥികൾ എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് മറ്റു മുൻകരുതലുകളെല്ലാം പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം നിർദേശിച്ചു.