ഇസ്‌ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ റെഹം ഖാൻ രംഗത്ത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകും മുൻപ് പാകിസ്താൻ നല്ലതായിരുന്നുവെന്നു റെഹം ഖാൻ ട്വീറ്റ് ചെയ്തു.
Yes Pakistan was great when you were not the PM. #الوداع_سلیکٹڈ_الوداع
— Reham Khan (@RehamKhan1) March 31, 2022
ഇമ്രാൻ താറുമാറാക്കിയത് ശരിയാക്കാൻ പാക്കിസ്ഥാനിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് റെഹം ഖാൻ പറഞ്ഞു. ‘നയാ പാക്കിസ്ഥാൻ’ (പുതിയ പാക്കിസ്ഥാൻ) സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായാണ് 2018ൽ ഇമ്രാൻ അധികാരത്തിൽ വന്നത്. എന്നാൽ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിലുൾപ്പെടെ ദയനീയമായി പരാജയപ്പെട്ടതായി അവർ പറഞ്ഞു.
ഇമ്രാൻ ഖാന് ഇല്ലാത്തത് ബുദ്ധിയും കഴിവും ആണെന്നും റെഹം ഖാൻ പരിഹസിച്ചു. ദൈവകൃപയാൽ ജീവിതത്തിൽ സമ്പാദ്യവും പ്രശസ്തിയും ഉൾപ്പെടെ എല്ലാം നേടിയതിനാൽ മറ്റൊന്നും ആവശ്യമില്ലെന്നു രാജ്യത്തെ അഭിസംബോധന ചെയ്യവെ ഇമ്രാൻ പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചായിരുന്നു റെഹമിന്റെ പരിഹാസം.
അതേസമയം, രാജി സമ്മർദമുണ്ടെങ്കിലും അധികാരം ഒഴിയില്ലെന്ന പിടിവാശിയിലാണ് ഇമ്രാൻ ഖാന്‍.
‘എന്നോട് രാജി വയ്ക്കാനാണ് പറയുന്നത്. എന്നാൽ ഞാൻ രാജിവയ്ക്കുമോ ? 20 വർഷം ക്രിക്കറ്റ് കളിച്ചിരുന്ന വ്യക്തിയാണ് ഞാൻ. ഞാൻ അവസാന ബോൾ വരെ കളിക്കും. അവിശ്വാസ പ്രമേയത്തിന് ശേഷവും ഞാൻ ശക്തനായി വരുന്നത് കണ്ടോളൂ’- ഇമ്രാൻ ഖാൻ പറഞ്ഞു.