ന്യൂഡല്‍ഹി: യുക്രൈനിലെ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാജ്യത്തെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തവേയാണ് പ്രധാനമന്ത്രി ആവശ്യം ഉന്നയിച്ചത്.
റഷ്യ-യുക്രൈൻ സംഘര്‍ഷം തീര്‍ക്കുന്നതില്‍ ഇന്ത്യയുടെ മധ്യസ്ഥത റഷ്യന്‍ വിദേശകാര്യമന്ത്രി സ്വാഗതം ചെയ്തു. യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ നയതന്ത്രതല ചർച്ചയില്‍ റഷ്യ അഭിനന്ദിച്ചു. ബാഹ്യസമ്മർദ്ദങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും സെർഗെയ് ലാവ്റോവ് പറഞ്ഞു.
കഴിഞ്ഞ ഇന്ത്യാ-റഷ്യ ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയും യുക്രൈനിലെ സമാധാന ചർച്ചകൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങളും ലാവ്‌റോവ് അദ്ദേഹവുമായി പങ്കുവെച്ചു. സമാധാനശ്രമങ്ങൾക്ക് എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.
അമേരിക്കയുടെ സമ്മർദ്ദങ്ങള്‍ക്ക് ഇന്ത്യ റഷ്യ ബന്ധത്തെ സ്വാധീനിക്കാനാവില്ല. ഇന്ധനം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലഭ്യമാക്കുമെന്നും ലാവ്റോവ് മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലേത് യുദ്ധമല്ലെന്നും ഭീഷണി നേരിടാനുള്ള പ്രത്യേക നടപടി മാത്രമാണെന്നും റഷ്യൻ വിദേശകാര്യമന്ത്രി ന്യായീകരിച്ചു. തർക്കങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ചയില്‍ ആവർത്തിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്നലെയാണ് ഡല്‍ഹിയിലെത്തിയത്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ-റൂബിള്‍ ഇടപാട് സംവിധാനം രൂപപ്പെടുത്തുന്നതുമാണ് മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യ-ഇന്ത്യ കൂടിക്കാഴ്ച നിരാശാജനകമെന്നാണ് അമേരിക്ക പ്രതികരിച്ചത്.
യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെര്‍ജി ലവ്‌റോവ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജര്‍മന്‍ വിദേശസുരക്ഷാ നയ ഉപദേഷ്ടാവ് യെന്‍സ് പ്ലോട്‌നറും ഡല്‍ഹിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.