റിയാദ്: ഈജിപ്ത് സെൻട്രൽ ബാങ്കിൽ സൗദി അറേബ്യ 500 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതായി ‘സൗദി പ്രസ് ഏജൻസി’ റിപ്പോർട്ട് ചെയ്തു. യുക്രൈൻ യുദ്ധം ഈജിപ്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്.
റഷ്യ-യുക്രൈൻ പ്രതിസന്ധി ഈജിപ്ത് സാമ്പത്തിക രംഗത്ത് ഏൽപ്പിച്ച പ്രത്യാഘാതങ്ങൾ മറികടക്കുന്നതിനുള്ള ഫണ്ടിനും സാങ്കേതിക പിന്തുണയ്ക്കുമായി അന്താരാഷ്ട്ര നാണയനിധിയുമായി ചർച്ചകൾ നടത്തി വരികയാണെന്ന് കഴിഞ്ഞ ആഴ്ച ഈജിപ്ത് അറിയിച്ചിരുന്നു. അധിക ദാതാക്കളിൽ നിന്നുള്ള ധനസഹായം, പലപ്പോഴും ഐഎംഎഫിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള ഒരു വ്യവസ്ഥയാണ്.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്(പിഐഎഫ്) ഈജിപ്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഈജിപ്ഷ്യൻ ക്യാബിനറ്റ് പ്രസ്താവനയിൽ പറയുന്നു. പിഐഎഫും ഈജിപ്തിലെ സോവറിൻ ഫണ്ടും തമ്മിൽ സഹകരിച്ച് 1000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഈജിപ്ത് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ക്യാബിനറ്റ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഉടനെ തന്നെ നിരവധി പ്രൊജക്ടുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.