കൊച്ചി: സമ്മര്‍ദ്ദങ്ങളില്ലാതെ പരീക്ഷകളെ അഭിമുഖീകരിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും ഇതേക്കുറിച്ച് ബോധവാന്‍മാരാകണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിജയത്തിനായി പരിശ്രമിക്കണമെന്നും പരാജയങ്ങളിലൂടെയും പല കാര്യങ്ങളും പഠിക്കാന്‍ സാധിക്കുമെന്നും, പരിശ്രമിക്കാതെ വിട്ടുകൊടുക്കുന്നതാണ് യഥാര്‍ത്ഥ പരാജയമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ പരീക്ഷാ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ‘പരീക്ഷ പേ’ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ഓണ്‍ലൈനില്‍ സംവദിക്കുന്ന പരിപാടിയുടെ ഭാഗമായി, എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ വിദ്യാര്‍ഥിനികളുമായി സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരീക്ഷ പേ ചര്‍ച്ച എന്ന പേരില്‍ ആശയ വിനിമയ പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരീക്ഷാ സമ്മര്‍ദ്ദവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞു.
മൈഗവ്(MyGov) പ്ലാറ്റ്‌ഫോമിലൂടെ 2021 ഡിസംബര്‍ 28 മുതല്‍ 2022 ഫെബ്രുവരി 3 വരെ നടത്തിയ മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യകര്‍ത്താക്കളെ തിരഞ്ഞെടുത്തത്.