ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ച് ഭരണകൂടം. പ്രധാനമന്ത്രി വധഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇമ്രാൻ ഖാനെ വധിക്കാൻ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി.
പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന് പാകിസ്താൻ തെഹ്‌രിക് ഇ ഇൻസാഫ് (പിടിഐ) മുതിർന്ന നേതാവ് ഫൈസൽ വാവ്ദ ആരോപിച്ചിരുന്നു. അതിനാൽ എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും നടത്തണമെന്നാണ് പാർട്ടി നേതാവ് ആവശ്യപ്പെട്ടത്. ഇമ്രാൻ ഖാനെതിരെ സമർപ്പിച്ചിരിക്കുന്ന അവിശ്വാസ പ്രമേയം നാഷണൽ അസംബ്ലിയിൽ ചർച്ച ചെയ്യാനിരിക്കെയാണ് നിർണായക വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുന്നത്.