കാസര്‍കോട്: കാസര്‍കോട് ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വ്യവസായ-നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. ജില്ലയുടെ വ്യാവസായിക വളര്‍ച്ച ലക്ഷ്യം വെച്ചാണ് 1990-ല്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയുടെ ഒരു യൂണിറ്റ് കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ സ്ഥാപിച്ചത്.
2011 ല്‍ കൂടുതല്‍ വിപണി ലക്ഷ്യം വെച്ച് ഭെല്‍ന്റെയും കേരള സര്‍ക്കാരിന്റെയും 51 :49 ഓഹരി അനുപാതത്തില്‍ ഭെല്‍ – ഇഎം എല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാക്കി മാറ്റി. തുടര്‍ന്ന് കമ്പനി നഷ്ടത്തിലേക്ക് പോകുകയും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയും ചെയ്തു.
തുടര്‍ന്ന് 51% ഓഹരികള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് കമ്പനിയെ പൂര്‍ണമായും സംസ്ഥാന പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തിരുമാനിച്ചു. ഭെല്‍ന്റെ 51 ശതമാനം ഓഹരികള്‍ ഒരു രൂപ വിലയില്‍ ഏറ്റെടുത്ത് ഈ യൂണിറ്റിനെ കെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം നടത്തി.
കേരളസര്‍ക്കാര്‍ 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് ഉപയോഗിച്ച് 2020 മാര്‍ച്ച് 31 വരെയുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളകുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുവാനും അതിനുശേഷം കൊവിഡ് കാലത്ത് ഒരു പാക്കേജിന്റെ അടിസ്ഥാനത്തില്‍ ബാക്കി നിശ്ചിത ശതമാനത്തില്‍ തുക കൊടുക്കുവാനും ഗ്രാറ്റിയുവിറ്റി, പിഎഫ്, അനുവദിക്കാനും മുന്‍ഗണനാ ക്രമത്തില്‍ തന്നെ നടപടികള്‍ സ്വീകരിച്ചു.