ന്യൂഡല്‍ഹി: കോൺഗ്രസ് മെമ്പര്‍ഷിപ്പ് വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടിയതായി എഐസിസി. സംസ്ഥാന ഘടകങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം നീട്ടിയ നടപടി സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി അറിയിച്ചു.
കേന്ദ്ര ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും ഇക്കാര്യം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയെ അറിയിച്ചു. നേരത്തെ മെമ്പര്‍ഷിപ്പ് വിതരണം മാർച്ച് 31ന് തീർക്കണമെന്നായിരുന്നു നിർദ്ദേശം.
കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ടി യു രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സ് അംഗത്വമെടുക്കാന്‍ ആളുകളില്ലെന്ന വ്യാപകമായ പ്രചാരണമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നതെന്നും ചില മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും കെ പി സി സി ജനറൽ സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വളരെ സജീവമായി പ്രവര്‍ത്തകരാകെ അംഗത്വ ശേഖരണ പ്രവര്‍ത്തനങ്ങളിലാണ്. മെമ്പര്‍ഷിപ്പ് സംബന്ധിച്ച് ഇറങ്ങുന്ന തെറ്റായ വാര്‍ത്തകളെ തള്ളി ആവേശപൂര്‍വ്വം കേരളത്തിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം വിജയിപ്പിക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ടി യു രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.