ന്യൂഡൽഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) വിലക്കി കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവർത്തനം നിയമനവിരുദ്ധമാണെന്ന് ഭീകരവാദ വിരുദ്ധ ട്രൈബ്യൂണൽ ശരിവച്ചിരുന്നു. പിന്നാലെയാണ്സം സർക്കാർ നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.
സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ ഭീകരവാദത്തിന് ഊർജമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഒൻപത് സംസ്ഥാനങ്ങളിൽ സാക്കിർ നായിക്കിനെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
കേരളം, ഗുജറാത്ത്, കർണാടക, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാക്കിർ നായിക്കിന് അനുയായികളുള്ളത്. മതം മാറ്റത്തിനും കലാപം സൃഷ്ടിക്കുന്നതിനും ശ്രമിച്ചുവെന്ന ആരോപണവും സാക്കിർ നായിക്കിനെതിരെയുണ്ട്.
ഭീകരവാദ പ്രവർത്തനത്തിനായി വിദേശങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നടപടി. നേരത്തെയും സാക്കിർ നായിക്കിനെതിരെയും ഐആർഎഫിനെതിരെയും സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു.