ന്യൂഡല്‍ഹി: ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ച് രാജ്യസഭയില്‍ സ്വകാര്യ ബില്‍. സി.പി.എം എംപി വി. ശിവദാസന്‍ നല്‍കിയ ബില്ലിന് അവതരണാനുമതി ലഭിച്ചു. എം.എല്‍.എമാര്‍ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ തിരഞ്ഞെടുക്കണമെന്നാണ് ഭേദഗതി നിര്‍ദേശം.
ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനും അത് ചര്‍ച്ചയാക്കാനും ലക്ഷ്യമിടുന്നതാണ് ബില്ല്. വെള്ളിയാഴ്ച ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കും.
മൂന്ന് പ്രധാന നിര്‍ദേശങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് നിര്‍ദേശം. ഒന്നില്‍ക്കൂടുതല്‍ സംസ്ഥാനങ്ങളുടെ അധികാരം ഒരു ഗവര്‍ണര്‍ക്ക് നല്‍കരുതെന്നും നിര്‍ദേശമുണ്ട്. കാലാവധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തണമെന്നും ആവശ്യമെങ്കില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെ ഗവര്‍ണറെ പുറത്താക്കാമെന്നും ബില്ല് നിര്‍ദേശിക്കുന്നു.