ന്യൂഡൽഹി: എൻ.സി.പിയിൽ സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയ്‌ക്കെതിരെ പടയൊരുക്കം. സീനിയർ നേതാക്കളെ പരിഗണിക്കാതെ പി.സി ചാക്കോ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കണ്ടു. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പ് ദേശീയ നേതൃത്വം നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് കെ തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസിൽ നിന്ന് വന്ന ആളുകൾ എൻസിപിയെ ഹൈജാക്കു ചെയ്യുന്നു എന്നാണ് പ്രധാന ആരോപണം. പി.സി ചാക്കോ നേതൃത്വത്തിൽ വലിയൊരു സംഘം അതിനായി പ്രവർത്തിക്കുന്നു. മണ്ഡലം കമ്മിറ്റികളിൽ പോലും കോൺഗ്രസിൽനിന്ന് വന്ന ആളുകൾക്ക് കൂടുതൽ പരിഗണന നൽകുന്നു. ബോർഡ് – കോർപ്പറേഷൻ സ്ഥാനങ്ങളിൽ കൂടുതലായി കോൺഗ്രസിൽ നിന്ന് എൻസിപിയിലെത്തിയ ആളുകൾക്ക് പരിഗണന നൽകുന്നു. എന്ത് തീരുമാനമാണെങ്കിലും പിസി ചാക്കോയും അദ്ദേഹത്തിന്റെ അടുത്ത ആളുകളും മാത്രമാണ് എടുക്കുന്നത്. നേരത്തെ മുതൽ എൻസിപിയിൽ ഉള്ള ആരേയും അതിൽ പങ്കെടുപ്പിക്കുന്നില്ലെന്നും പിസി ചാക്കോയ്ക്കെതിരെ ആരോപണമുണ്ട്.