ന്യുഡൽഹി: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളോട് പരമാവധി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനാവശ്യപ്പെട്ട് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ ഉഷ്ണതരംഗം വർധിക്കുന്നത് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതു സംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിനും വൈദ്യുതി മന്ത്രാലയത്തിനും അഗ്നിശമന സേനയ്ക്കും മുന്നറിയിപ്പ് നൽകിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പശ്ചിമ മധ്യപ്രദേശ് എന്നിവിടങ്ങളിൽ രൂക്ഷമായ താപനിലക്ക് സാധ്യതയുണ്ട്.
ഏപ്രിലിൽ താപനില സാധാരണ നിലയേക്കാൾ കൂടുതലായിരിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.