തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ചെന്നൈ യു.എസ്. കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ നടത്തിയ ചർച്ചയിൽ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ യു.എസ്. പങ്കാളിത്തം ഉറപ്പ് നൽകി.
കേരളത്തിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോൺസുൽ ജനറൽ ചർച്ച നടത്തിയിരുന്നു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും ചർച്ചയായി. സംസ്ഥാനത്തെ സിഡിസിയ്ക്ക് കോൺസുൽ ജനറൽ എല്ലാ പിന്തുണയും നൽകി.
കേരളത്തിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കോൺസുൽ ജനറൽ അഭിനന്ദിച്ചു. കേരളത്തിന്റെ വാക്സിൻ ഉത്പാദനം, ആരോഗ്യ പ്രവർത്തകരുടെ അമേരിക്കയിലെ തൊഴിൽ സാധ്യത എന്നിവയും ചർച്ച ചെയ്തു. കേരളത്തിൽ നിന്നുള്ള നഴ്സുമാർ, ഡോക്ടർമാർ തുടങ്ങിയ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് എളുപ്പത്തിലാക്കുന്നതും സംസാരിച്ചു.
യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ ഐവിഎൽപി എക്സ്ചേഞ്ച് പ്രോഗ്രാമിൽ മന്ത്രി മുമ്പ് പങ്കെടുത്തതിൽ കോൺസുൽ ജനറൽ സന്തോഷം രേഖപ്പെടുത്തി.ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ ഓഫീസ് കൾച്ചറൽ അഫയേഴ്സ് ഓഫീസർ സ്‌കോട്ട് ഹർട്ട്മൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.