തിരുവനന്തപുരം: പുതിയ മദ്യനയത്തിനെതിരെയും ബസ് ചാര്‍ജ് വര്‍ധനവിനുമെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞു, എല്ലാം ശരിയാക്കി. ഇന്ധനവില കുറയ്ക്കുന്നില്ല. ബസ് ചാര്‍ജും വര്‍ധിപ്പിച്ചു, വി ഡി സതീശന്‍ പറഞ്ഞു.
നിരവധി അപാകതകളുള്ള തീരുമാനമാണിത്. അതിലെല്ലാം പരിഹാരമുണ്ടാകണം രണ്ടര കിലോമീറ്ററിനാണ് ചാര്‍ജ് കൂട്ടിയത്. മിനിമം ചാര്‍ജ് 10 രൂപയാക്കി കൂട്ടിയത് സര്‍ക്കാര്‍ ആലോചിക്കാതെയെടുത്ത നടപടിയാണ്. ജനങ്ങളെ പ്രയാസപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കാൻ സർക്കാർ മത്സരിക്കുകയാണ്. ’. അദ്ദേഹം കുറ്റപ്പെടുത്തി.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്നതിനൊപ്പം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 6 കൊല്ലത്തിനിടയില്‍ വര്‍ധിപ്പിച്ച നികുതിയുടെ ഭാഗമായുള്ള നികുതി സംസ്ഥാന സര്‍ക്കാരിന് കിട്ടിയത് 6000 കോടിയിലധികമാണ്. അതില്‍ അധികമായി കിട്ടിയ നികുതിയുടെ 25 ശതമാനം തുക കെഎസ്ആര്‍ടിസിക്കും പ്രൈവറ്റ് ബസുകള്‍ക്കും വള്ളങ്ങള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും ഓട്ടോ-ടാക്‌സികള്‍ക്കും നല്‍കിയാല്‍ ഈ ചാര്‍ജ വര്‍ധനവ് ഇത്രയും കൂട്ടാതെ തടഞ്ഞുനിര്‍ത്താമായിരുന്നു.
പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചും ചാര്‍ജ് കൂട്ടിയും ജനങ്ങളെ പീഡിപ്പിക്കുന്നത് പോലെ തന്നെയാണ്. സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമായി. ഫ്യുവല്‍ സബ്‌സിഡി നല്‍കി സംസ്ഥാനം നിരക്ക് വര്‍ധനവ് കുറയ്ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
മദ്യനയത്തിനെതിരെ യാതൊരു കൂടിയാലോചനകളും ചര്‍ച്ചകളും നടന്നിട്ടില്ല. കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കമാണ്. കഴിഞ്ഞ പ്രാവശ്യം അഴിമതി ആരോപണത്തിന്റെ പേരില്‍ തഴയപ്പെട്ട ബ്രൂവെറികളും ഡിസ്റ്റലറികളും പുതിയ കുപ്പായമിട്ട് തുറക്കാനുള്ള ശ്രമമാണ്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു..