യുക്രെയ്ൻ അധിനിവേശത്തിനെതിരായി റഷ്യക്കെതിരെ അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ കടുത്ത നടിപടികളായിരുന്നു സ്വീകരിച്ചത്. റഷ്യ ടുഡേ അടക്കമുള്ള റഷ്യൻ മാധ്യമങ്ങൾ ഗൂഗിൾ സെർച്ചിൽ നിന്ന് നീക്കം ചെയ്യുകയും റഷ്യൻ ആപ്പുകൾക്കും യൂട്യൂബ് ചാനലുകൾക്കും വരുമാനം നൽകുന്നത് നിർത്തുകയും ചെയ്തിരുന്നു. കൂടാതെ, പ്ലേ സ്റ്റോറും യൂട്യൂബും റഷ്യയിൽ നിന്ന് പണം സ്വീകരിച്ചുള്ള ഇടപാടുകളും നിർത്തിയതോടെ പ്രതിരോധത്തിലായ റഷ്യ അതിനെ മറികടക്കാൻ പുതിയ വഴി നോക്കുകയാണ്.
റഷ്യയിലെ ഡെവലപ്പർമാർ ഗൂഗിൾ പ്ലേസ്റ്റോറിനൊരു പകരക്കാരനെ നിർമിച്ചിരിക്കുകയാണ്. നാഷ്സ്റ്റോർ എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്ഫോമിലൂടെ റഷ്യയിലെ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ആപ്പുകൾ സൗജന്യമായും പണം നൽകിയും ഡൗൺലോഡ് ചെയ്യാവുന്നതാണ്. നാഷ്‌സ്റ്റോറിൽ റഷ്യൻ മിർ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകളും നടത്താം.
‘റഷ്യക്കാർക്ക് നിലവിലെ സാഹചര്യത്തിൽ ആപ്പുകൾ വാങ്ങാൻ സാധിക്കില്ല. അതിനാലാണ് തങ്ങൾ നാഷ്‌സ്‌റ്റോർ (NashStore) എന്ന പേരിൽ പുതിയ ആപ് സ്റ്റോർ തുടങ്ങുന്നതെന്ന് രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്‌ഫോംസ് മേധാവി വ്‌ളാഡിമിർ സിക്കൊവ് പറഞ്ഞു. നാഷ്സ്റ്റോർ മെയ് ഒമ്പതിന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.