ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കും. വ്യാഴാഴ്ചക്കകം പാൻകാർഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകർ 500 മുതൽ 1000 രൂപ വരെ പിഴ നൽകേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകി. സമയപരിധി കഴിഞ്ഞാൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തന ക്ഷമമല്ലാതാകാനും സാധ്യതയുണ്ട്.
മാർച്ച് 31ന് ശേഷം 500 രൂപ പിഴ നൽകി അടുത്ത മൂന്നു മാസത്തിനകം പാൻ-ആധാർ ലിങ്കിങ് പൂർത്തീകരിക്കാം. ശേഷം 1000 രൂപ പിഴ നൽകേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) അറിയിപ്പിൽ വ്യക്തമാക്കി. ആദായ നികുതി പോർട്ടലിൽ ലോഗിൻ ചെയ്ത് ലിങ്കിങ് പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സി.ബി.ഡി.ടി നികുതി ദായകരോട് നിർദേശിച്ചു.
പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സർക്കാർ നിരവധി തവണ നീട്ടിയിരുന്നു. തുടർന്നാണ് മാർച്ച് 31ന് ശേഷം പിഴ ഈടാൻ തീരുമാനിച്ചിരിക്കുന്നത്. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾ, നിക്ഷേപം, ബാങ്ക് അക്കൗണ്ട് തുറക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് പാൻ നമ്പർ ആവശ്യമാണ്.
പാൻകാർഡ് പ്രവർത്തന ക്ഷമമല്ലാതായാൽ മറ്റൊരു പാൻകാർഡിന് അപേക്ഷിക്കാൻ ആകില്ല. സാമ്പത്തിക ഇടപാടുകൾ തടസപ്പെടാനും സാധ്യതയുണ്ട്. ഇതുവഴി പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനോ, വസ്തു വിൽക്കാനോ വാങ്ങാനോ, കഴിയാത്ത സ്ഥിതി വരും. പാൻകാർഡ് ഇല്ലെങ്കിൽ ഉയർന്ന ടി.ഡി.എസ് ഈടാക്കാനുമിടയുണ്ട്.