അമരാവതി: ആന്ധ്രാ പ്രേദശിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് പിതാവടക്കം 11 പേർ പിടിയിലായി. രണ്ട് മാസത്തിനിടെ ഏഴ് തവണ കുഞ്ഞ് വിൽപനയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
കുഞ്ഞിൻറെ അമ്മയും അമ്മൂമ്മയും പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിജയവാഡയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.
നൽഗൊണ്ട ജില്ലയിലെ മേഘവത് ഗായത്രി എന്ന യുവതിക്ക് 70,000 രൂപക്കാണ് പിതാവ് മനോജ് കുഞ്ഞിനെ ആദ്യമായി വിൽക്കുന്നത്. യുവതി കൂടുതൽ പണത്തിന് കുഞ്ഞിനെ വേറെ ആളുകൾക്ക് വിറ്റു. ഇത്തരത്തിൽ ഏഴ് തവണ പല ആളുകളിലൂടെ പണം വാങ്ങി കുഞ്ഞ് കൈമാറ്റം ചെയ്യപ്പെട്ടു.
അവസാനമായി കുഞ്ഞിനെ വിറ്റത് 2,50,000 രൂപക്കാണ്. കിഴക്കൻ ഗോദാവരി ജില്ലയിലെ ഒരു യുവാവിൻറെ പക്കലാണ് ഏറ്റവും ഒടുവിൽ കുഞ്ഞ് എത്തിപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ രക്ഷിച്ച് രക്ഷിതാക്കൾക്ക് കൈമാറിയ പൊലീസ് ഉദ്യോഗസ്ഥർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും ഇവർക്ക് പാരിതോഷികം പ്രഖ്യാപിക്കുമെന്നും എസ്.പി ആരിഫ് ഹഫീസ് പറഞ്ഞു.