തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി കേന്ദ്രം. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിക്കും. നിലവില്‍ 291 രൂപയാണ് കേരളത്തിലെ കൂലി. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 ആയി ആയി ഉയരുകയും ചെയ്യും.
കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ കൂലി അഞ്ച് ശതമാനത്തിന് മുകളില്‍ വര്‍ധിപ്പിച്ചെങ്കിലും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 21 ഇടത്ത് അഞ്ച് ശതമാനത്തിലും താഴെയാണ് കൂലി കൂട്ടിയത്. ഗോവയില്‍ 21 രൂപയുടെ വര്‍ധനവ് ഉണ്ടായപ്പോള്‍ മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ കൂലി വര്‍ധിപ്പിച്ചിട്ടില്ല. ഹരിയാനയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തുക കൂലി ലഭിക്കുന്ന സംസ്ഥാനം. ഹരിയാനയിലെ തൊഴിലാളികള്‍ക്ക് 331 രൂപ കൂലി ലഭിക്കും. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും 204 രൂപ മാത്രമാണ് ദിവസക്കൂലി.