തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തിപ്പെട്ടതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇപ്പോൾ മിക്ക ദിവസങ്ങളിലും ശക്തമായ വേനൽ മഴയാണു ലഭിക്കുന്നത്. തെക്കൻ കേരളത്തിലും വരും ദിവസങ്ങളിൽ വേനൽ മഴ ശക്തിപ്പെടുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 51 ശതമാനം അധിക മഴയാണു സംസ്ഥാനത്തു പെയ്തതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ വരെ 29.3 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്താണ് 44.1 മില്ലീമീറ്റർ പെയ്ത് വേനൽമഴ തിമിർക്കുന്നത്. കാസർഗോഡ് ജില്ലയിലാണ് ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ പെയ്തത്. 314 ശതമാനം അധിക മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയത്.
വയനാട് 189 ശതമാനവും എറണാകുളത്ത് 158 ശതമാനവും അധിക മഴ പെയ്തു. പത്തനംതിട്ടയിൽ 101 ശതമാനവും കോഴിക്കോട്ട് 78 ശതമാനവും അധിക മഴ പെയ്തു. വേനൽ മഴയിൽ ഏറ്റവും വലിയ കുറവുണ്ടായിരിക്കുന്നത് തൃശൂർ ജില്ലയിലാണ്. 72 ശതമാനം മഴക്കുറവാണു ജില്ലയിൽ ഇന്നലെ വരെ രേഖപ്പെടുത്തിയത്.