പുനലൂർ : മലയോര ഹൈവേയിൽ മണ്ണിടിഞ്ഞ കരവാളൂർ പിറയ്ക്കലിൽ പാർശ്വഭിത്തിയുടെ നിർമാണം തുടങ്ങി. അടിസ്ഥാനത്തിന്റെ നിർമാണം നടന്നുവരികയാണ്. ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രവൃത്തിക്കു മേൽനോട്ടം വഹിക്കുന്ന കേരളാ റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) അധികൃതർ പറഞ്ഞു. മണ്ണിടിഞ്ഞ സ്ഥലത്ത് 22 മീറ്റർ നീളത്തിലും എട്ടു മീറ്റർ ഉയരത്തിലുമാണ് പാർശ്വഭിത്തി നിർമിക്കുന്നത്. കരാറുകാർ തന്നെയാണ് നിർമാണം നടത്തുന്നത്. ബാധ്യതാ കാലാവധിയിൽത്തന്നെ മണ്ണിടിച്ചിലുണ്ടായതിനാൽ പുനർനിർമാണം നടത്താൻ മരാമത്തു വകുപ്പ് കരാറുകാരോട് നിർദേശിച്ചിരുന്നു.
ഗാബിയൻ ഭിത്തി നിർമിക്കുന്നതിനാണ് ആദ്യം ഡിസൈൻ തയ്യാറാക്കിയത്. എന്നാൽ ഇത് കരാറുകാർ അംഗീകരിക്കാത്തതിനാൽ കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനായി പുതിയ ഡിസൈൻ തയ്യാറാക്കുകയായിരുന്നെന്നാണ് വിവരം. റോഡിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നുതന്നെയാണ് ഇപ്പോൾ പാർശ്വഭിത്തി നിർമിച്ചു വരുന്നത്.