കൊച്ചി: ലക്ഷദ്വീപിലെ ബങ്കാരം അടക്കം ദ്വീപുകളിൽ താൽക്കാലികമായി കെട്ടിയ ഷെഡുകൾ സുരക്ഷ ഭീഷണിയുടെ പേരിൽ പൊളിച്ചുമാറ്റാനുള്ള കലക്ടറുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ തുടരും. ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജി ഏപ്രിൽ ആറിന് പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ് സ്റ്റേയും നീട്ടിയത്.
ആൾതാമസമില്ലാത്ത ദ്വീപുകളിൽ കൃഷിയാവശ്യത്തിനായി പാട്ടത്തിന് നൽകിയ സ്ഥലത്ത് താൽക്കാലികമായി കെട്ടിയ ഷെഡുകൾ പൊളിച്ചു നീക്കാൻ മാർച്ച് 25ന് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കെ. അബ്ദുൽ റഹീം അടക്കമുള്ളവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ പരിഗണനയിലുള്ളത്.
ഹരജി പരിഗണനക്കെത്തിയപ്പോൾ വിശദീകരണം നൽകാൻ ലക്ഷദ്വീപ് ഭരണകൂടം കൂടുതൽ സമയം തേടുകയായിരുന്നു. തുടർന്നാണ് ഹരജികൾ സിംഗിൾബെഞ്ച് മാറ്റിയത്. നേരത്തേ ഹരജി പരിഗണിച്ചപ്പോൾ ഈ ഷെഡുകൾ എന്ത് സുരക്ഷ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വ്യക്തമാക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനടക്കം മറുപടി നൽകാനാണ് ലക്ഷദ്വീപ് ഭരണകൂടം കൂടുതൽ സമയം തേടിയത്.