കൊച്ചി: തനിക്കെതിരായ കേസിന് പിന്നിൽ സുഹൃത്തും കുടുംബവുമാണെന്ന് കുറിപ്പെഴുതിവെച്ച് പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു. കടവന്ത്ര പൊന്നുരുന്നി മുക്കിടിത്തുണ്ടിയിൽ വീട്ടിൽ അജി അലിയാണ് (അജിത് -23) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ആത്മഹത്യക്കുറിപ്പിലെ ആരോപണം അന്വേഷിക്കണമെന്നും സുഹൃത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അജിയുടെ ബന്ധുക്കൾ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നടപടി സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെ ഉച്ചയോടെ പ്രതിഷേധം അവസാനിപ്പിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിൽ പ്രതിയായ അജി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
എറണാകുളത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചേർത്തല സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയിൽ ജനുവരിയിലാണ് അജിയെ അറസ്റ്റ് ചെയ്തത്. നിരന്തരം പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. അതേസമയം, തൻറെ സുഹൃത്തിൻറെ പ്രേരണയിലാണ് പെൺകുട്ടി വ്യാജ പരാതി നൽകിയതെന്നാണ് അജിയുടെ ആരോപണം. സുഹൃത്തും അച്ഛനും ചേർന്ന് മകനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് അജിയുടെ മാതാവും ആരോപിച്ചു. ഇതിന് പിന്നാലെയാണ് കുടുംബം പ്രതിഷേധവുമായി കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയത്.
ബംഗളൂരുവിൽ സൈക്കോളജി വിദ്യാർഥിയാണ് അജി. കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കടവന്ത്ര പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.