തൃശ്ശൂർ: ചാവക്കാട് കടപ്പുറം തൊട്ടാപ്പിൽ കാറിലിടിച്ച് കുതിരക്ക് ഗുരുതര പരിക്ക്. കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു. പരിക്കേറ്റ മുനക്കക്കടവ് സ്വദേശി സുഹൈലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്കടുത്ത് രാത്രി 7.30 ഓടെയായിരുന്നു അപകടം.
തൊട്ടാപ്പ് സ്വദേശി കാക്കശേരി മാലിക്കിന്റെ കുതിരയാണ് അപകടത്തിൽപ്പെട്ടത്. അഞ്ചങ്ങാടി ഭാഗത്ത് നിന്നും വരികയായിരുന്നു കാർ. തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിനടുത്ത് നിന്നും പൂന്തിരുത്തി ഭാഗത്തേക്ക് കാർ തിരിയുന്നതിനിടെ എതിരെ വന്ന കുതിരയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തിൽ കാറിന്റെ ചില്ല് തകർന്നു. പരിക്കേറ്റ കുതിരയെ പിന്നീട് തൃശൂർ മണ്ണുത്തി വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി.