ഇസ്താംപൂൾ: പരസ്പരം അഭിവാദ്യം പോലും അർപ്പിക്കാതെ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ തുർക്കിയിലെ ഇസ്താംബൂളിൽ ആരംഭിച്ചു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഓഫിസിലാണ് ചർച്ച ആരംഭിച്ചത്. ഇസ്താംബൂളിൽ ആരംഭിച്ച ചർച്ചയിൽ വെടി നിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. രണ്ടാഴ്ചകൾക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ മുഖാമുഖ ചർച്ചകൾ നടക്കുന്നത്. എന്നാൽ ചർച്ചയിൽ വലിയ പുരോഗതി പ്രതീക്ഷിക്കുന്നില്ല.
സംഘർഷം തുടരുന്നതിൽ അഗാധമായ ദുഖമുണ്ടെന്ന് ഉർദുഗാൻ പറഞ്ഞു. ഇരു രാജ്യങ്ങളുമായും സൗഹൃദം പങ്കിടുന്ന രാജ്യമായതിനാൽ സമാധാന ചർച്ചകളിൽ മധ്യസ്ഥ വഹിക്കാനുള്ള കടമ തങ്ങൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തം തടയുക എന്നത് ഇരു കൂട്ടരുടെയും കൈകളിലാണെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.
തലസ്ഥാനമായ കിയവോ യുക്രെയ്ൻറെ പരമാധികാരമോ വിട്ട് കൊടുക്കാതെ വെടി നിർത്തൽ സാധ്യമാക്കുക എന്നതിനാണ് തുർക്കിയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ യുക്രെയ്ൻ മുൻതൂക്കം നൽകുന്നത്. തങ്ങൾ രാജ്യത്തെ ജനങ്ങളേയോ, ഭൂമിയോ, പരമാധികാരമോ വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.