തലശേരി: സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ചുള്ള ഹൈക്കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്‌ടിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. നാവടക്കൂ, പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് പുറത്തുവരുന്നത്. ഇത്തരം നിലപാട് പുന:പരിശോധിക്കാൻ ജുഡീഷ്യറി തയാറാകണം. സിപിഐ എം പാർടി കോൺഗ്രസ് പതാക ദിനത്തിൽ കോടിയേരി മുളിയിൽനടയിൽ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നമ്മുടെ നാട് മാറിയത്. ബ്രിട്ടീഷുകാർക്കെതിരെ തൊഴിലാളികൾ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല. കോടതി അതിനൊക്കെ എതിരായിരുന്നു. നേരത്തെ ഹൈക്കോടതിബന്ദും ഹർത്താലും നിരോധിച്ചു. ഇപ്പോൾ ജീവനക്കാരുടെ പണിമുടക്കാനുള്ള അവകാശവും നിഷേധിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് വെല്ലുവിളിയാണ്. ജഡ്‌ജിമാർക്ക് പറയാനുള്ള കാര്യം ജഡ്‌ജിമാർ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല് ജഡ്‌ജിമാരല്ലേ കോടതിയിൽ നിന്ന് ഇറങ്ങിവന്ന് പരസ്യമായി പത്രസമ്മേളനം നടത്തിയത്. ഏതെങ്കിലും നിയമത്തിൽ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്. അവരിലൊരു ജഡ്‌ജി സുപ്രിംകോടതി ചീഫ് ജസ്‌റ്റിസായില്ലേ. ജഡ്‌ജിമാർ ഇത്തരത്തിൽ പ്രതികരിക്കുന്ന രാജ്യത്ത് മറ്റാരും പ്രതികരിക്കാൻ പാടില്ലെന്നാണോ–കോടിയേരി ചോദിച്ചു.