അമ്പലപ്പുഴ: ശരീരത്തിൽനിന്നു പുഴുക്കളെ നീക്കി, ചികിത്സ നൽകിയതോടെ പെരുമ്പാമ്പിന്റെ ആരോഗ്യ നിലയിൽ പുരോഗതി. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ വെറ്ററിനറി ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. അശ്വതിയുടെ നേതൃത്വത്തിലാണ് തുടർചികിത്സ. ജലാംശം കുറഞ്ഞതിനാൽ ഡ്രിപ്പിട്ടു. ആന്റിബയോട്ടിക് കുത്തിവയ്പു നൽകി. ശസ്ത്രക്രിയ വേണമോ എന്നത് അടുത്ത ദിവസം തീരുമാനിക്കും.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെറ്ററിനറി ആശുപത്രിയിലെ ഡോ. മേരി ലിഷിയുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിന്റെ ശരീരത്തിൽനിന്നു പുഴുക്കളെ നീക്കിയത്. എടത്വയിൽ ഒരു പുരയിടത്തിലെ വലയിൽ കുടുങ്ങിയതാണ് പെരുമ്പാമ്പ്. വനം വകുപ്പിന്റെ സർപ്പ ടീം അംഗം അരുൺ സി.മോഹനാണ് പാമ്പിനെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. അരുണിന്റെ വാടയ്ക്കലിലെ വീട്ടിലാണ് പാമ്പിനെ സൂക്ഷിച്ചിരിക്കുന്നത്. മുറിവു പൂർണമായും ഭേദമായശേഷം കാട്ടിൽ വിട്ടാൽ മതിയെന്നാണ് വനം വകുപ്പ് റാന്നി ഡിവിഷൻ അധികാരികൾ അറിയിച്ചത്.