ആഫ്റ്റർ തിയറ്റർ റിലീസ് ആയി തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ എത്തുന്ന പുതിയ മലയാള ചിത്രങ്ങളുടെ റിലീസ് തീയതികൾ പ്രഖ്യാപിച്ച് മുൻനിര ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോ (Amazon Prime Video). ടൊവീനോ തോമസ് നായകനായ ആഷിക് അബു ചിത്രം നാരദൻ (Naradan), ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് ഒരുക്കിയ വെയിൽ (Veyil), ജോജു ജോർജ്, വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ കെ എം ഒരുക്കിയ പട (Pada) എന്നിവയുടെ റിലീസ് തീയതികളാണ് ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിൽ ആദ്യം എത്തുക പടയാണ്. നാളെയാണ് (മാർച്ച് 30) ചിത്രത്തിൻറെ സ്ട്രീമിംഗ് ആരംഭിക്കുക. ഈ മാസം 11ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഒരു യഥാർഥ സംഭവത്തെ ആസ്‍പദമാക്കി നിർമ്മിക്കപ്പെട്ടിരിക്കുന്ന ചിത്രമാണിത്. 1996ൽ പാലക്കാട് കളക്റ്ററേറ്റിൽ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കൾ കളക്ടറെ ബന്ദിയാക്കിയ സംഭവമാണ് പ്രചോദനം. 2012ൽ പുറത്തെത്തിയ ഹിന്ദി ചിത്രം ‘ഐഡി’യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് കമൽ കെ എം. ഇ 4 എൻറർടെയ്‍ൻമെൻറ്, എവിഎ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് പടയുടെ നിർമ്മാണം. പ്രകാശ് രാജ്, അർജുൻ രാധാകൃഷ്‍ണൻ, ഇന്ദ്രൻസ്, സലിം കുമാർ, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, വി കെ ശ്രീരാമൻ, ഷൈൻ ടോം ചാക്കോ, ഗോപാലൻ അടാട്ട്, സുധീർ കരമന, ദാസൻ കൊങ്ങാട്, കനി കുസൃതി, ഹരി കൊങ്ങാട്, കെ രാജേഷ്, സിബി തോമസ്, ബ്രിട്ടോ ദേവിസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ഏപ്രിൽ 8നാണ് ആഷിക് അബുവിൻറെ നാരദൻ സ്ട്രീമിംഗ് ആരംഭിക്കുക. ഈ മാസം 3ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. ‘വൈറസി’നു ശേഷം ആഷിക് അബുവിൻറെ സംവിധാനത്തിലെത്തുന്ന ഫീച്ചർ ചിത്രമാണ് നാരദൻ. ‘മായാനദി’ക്കു ശേഷം ആഷിക്കും ടൊവീനോയും ഒന്നിക്കുന്ന ചിത്രവുമാണിത്. ഒരു ടെലിവിഷൻ വാർത്താ ചാനലിൻറെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടൊവീനോ വാർത്താ അവതാരകനായി എത്തുന്നുണ്ട്. ഉണ്ണി ആർ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ അന്ന ബെൻ ആണ് നായിക. ഇന്ദ്രൻസ്, രൺജി പണിക്കർ, ഷറഫുദ്ദീൻ, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.