ദുബൈ: മാർച്ച് 29: വേൾഡ് എക്‌സ്‌പോ 2020യിൽ ഖസാഖിസ്താന്റെ ദേശീയ പവലിയനിൽ ‘നോറിസ് മെയ്‌റാമി’ എന്ന സ്പ്രിംഗ് ഇക്വിനോക്‌സ് ഡേ ആഘോഷ പരിപാടികൾ ഒരുക്കി. ആഘോഷ ഭാഗമായി എക്‌സിബിഷനിലെ അതിഥികൾക്കായി നാടോടി സംഘങ്ങളായ ‘അഖ്‌ജെലെൻ’, ‘ടർലാൻ’, കൂടാതെ നൃത്ത സംഘങ്ങളായ ‘ഓർഡ’, ‘നാസ്’ എന്നിവയിലെ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു.
അവധിക്കാലം കണക്കിലെടുത്ത് പവലിയന് മുന്നിൽ മരച്ചട്ട കൊണ്ട് വൃത്താകൃതിയിൽ ഒരു തമ്പ് നിർമ്മിച്ചിരിക്കുന്നു. അവിടെ ഖസാഖ് ജനതയുടെ പാരമ്പര്യങ്ങളും ആചാരങ്ങളും പ്രതിഫലിപ്പിക്കുന്ന നാടകാവതരണമുണ്ടായിരുന്നു. ഇതു കൂടാതെ, പവലിയനിലെ അതിഥികൾക്കായി ഖസാഖ്, ഓറിയന്റൽ വിഭവങ്ങളുടെ പാചകവും നടത്തി. ഖസാഖിസ്താന്റെ സ്വാദിഷ്ഠ പരമ്പരാഗത വിഭവങ്ങളായ ബോയിർസാക്‌സ്, നോറിസ് കൊസ്‌ഹെ എന്നിവ തയാറാക്കിയതിനെ സന്ദർശകർ പ്രശംസിച്ചു.
ഖസാഖിസ്താന്റെ ജനകീയ ഗായകനായ ദിമാഷ് കുദായ്‌ബെർജൻ പവലിയൻ സന്ദർശിച്ചു. ഖസാഖിസ്താനിൽ നിന്നും രാജ്യാന്തര സംഗീത അവാർഡ് നേടിയ ദിമാഷിന്റെ സാന്നിധ്യത്തിൽ പവലിയൻ വേദിയിലെ കലാകാരന്മാരുടെ നാടൻകലാ പ്രകടനങ്ങളും, മാനുഷികവും നിർമ്മിത ബുദ്ധി(എഐ)യിലധിഷ്ഠിതവുമായ ഇടപെടൽ പ്രതിനിധീകരിക്കുന്ന അക്രോബാറ്റിക്‌സ്, റോബോട്ടിക്‌സ് ഘടകങ്ങളുള്ള സമാപന പ്രദർശനം എന്നിവയും പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു. ”നോറിസ് മെയ്‌റാമി’യുടെ ആഘോഷത്തിന്റെ അന്തരീക്ഷം പവലിയനിലെ അതിഥികളെ നന്നായി ആകർ്ഷിച്ചു” -എക്‌സ്‌പോ 2020യിലെ ഖസാഖിസ്താൻ ദേശീയ വിഭാഗം
കമ്മീഷണർ ജനറൽ അലൻ ചൈജുനുസോവ് അഭിപ്രായപ്പെട്ടു.