തിരുവനന്തപുരം : ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിർദേശം നൽകി തിരുവനന്തപുരം ജില്ലാ കലക്ടർ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജർ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങൾ ഒരുക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.
ജോലിക്ക് ഹാജരാകുന്ന ജീവനക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണം. പൊതുജനത്തിനു സർക്കാർ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസമില്ലാതെ പ്രവേശനം സാധ്യമാക്കാനും ഓഫിസുകൾക്ക് മുന്നിൽ അനാവശ്യമായ ജനക്കൂട്ടം ഒഴിവാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നു തിരുവനന്തപുരം ആർടിഒ, ഡിടിഒ(കെഎസ്ആർടിസി), വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ എന്നിവർക്കും കലക്ടർ നിർദേശം നൽകി.