തിരുവനന്തപുരം; മലബാര്‍ കലാപകാരികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സ്വാതന്ത്യ സമര ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള പ്രക്ഷോഭമാണ് മലബാർ കലാപം. ജന്മിത്വത്തിനും അതിനെ താങ്ങിനിർത്തിയ സാമ്രാജ്യത്വത്തിനുമെതിരായുള്ള ധീരോജ്ജ്വല സമരമായിരുന്നു അത്. മതരാഷ്ട്ര ചിന്തകൾക്കതീതമായി സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ടമാണ് തങ്ങൾ മുന്നോട്ട് വെക്കുന്നതെന്ന് അതിന്‍റെ നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്ന് വ്യതിചലിക്കുന്നവർക്കെതിരെ കർശന നിലപാടും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള നേതാക്കൾ നടത്തി.
ഈ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മാപ്പിള ലഹളയെന്നു പറഞ്ഞ് ഒറ്റപ്പെടുത്താനാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചത്. ഈ പാത പിന്തുടർന്ന് മലബാർ കാർഷിക കലാപകാരികളെ വർഗീയമായി മുദ്രകുത്താനുള്ള സംഘ്പരിവാർ അജണ്ടയാണ് കൗൺസിൽ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. മലബാർ കലാപകാരികളെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ബ്രിട്ടീഷുകാർ വെടിവച്ചുകൊന്നത്. അതെ കാഴ്ചപ്പാടാണ് സംഘ്പരിവാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.