കീവ്: യുക്രെയ്ൻ നഗരമായ മരിയുപോളിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ 5,000 പേർ കൊല്ലപ്പെട്ടുവെന്ന് മേയർ. നഗരത്തിൽ 90 ശതമാനം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 40 ശതമാനം കെട്ടിടങ്ങൾ തകർന്നുവെന്നും മേയർ പറഞ്ഞു.
അതേസമയം റഷ്യ ആക്രമണം തുടങ്ങിയശേഷം 1,119 സാധാരണക്കാർ കൊല്ലപ്പെടുവെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 1,790 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 99 പേർ കുട്ടികളാണ്. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന പല സ്ഥലങ്ങളിലേയും കണക്കുകൾ കൃത്യമായി ലഭ്യമല്ലെന്നും ഇതുകൂടി ലഭിച്ചാൽ കണക്കുകൾ ഇതിലും ഉയരുമെന്നും അധികൃതർ അറിയിച്ചിരുന്നു.
യുക്രൈനിൽ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഒരു മാസവും നാല് ദിവസവും പിന്നിടുമ്പോഴും ആക്രമണം അയവില്ലാതെ തുടരുകയാണ്. യുക്രൈൻ പ്രസിഡന്റുമായുള്ള അഭിമുഖം റിപ്പോർട്ട് ചെയ്യരുതെന്ന് റഷ്യൻ മാധ്യമങ്ങൾക്ക് റഷ്യ മുന്നറിയിപ്പ് നൽകി. ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈൻ ജനതയിൽ റഷ്യക്കാർക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി പറഞ്ഞു.